Image Credit: X/sivaraman
ചെന്നൈ വിമാനത്താവളത്തില്‍ ലാന്‍ഡിങിനൊരുങ്ങവേ ചരക്കുവിമാനത്തിന്‍റെ എന്‍ജിനില്‍ നിന്ന് തീ. മലേഷ്യയിലെ ക്വാലലംപുരില്‍ നിന്നെത്തിയ വിമാനത്തിലാണ് തീ കണ്ടെത്തിയത്. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. വിമാനത്തിലെ സാധനങ്ങള്‍ക്കോ ജീവനക്കാര്‍ക്കോ യാതൊരു തരത്തിലുള്ള നാശനഷ്ടമോ, പരുക്കോ പറ്റിയിട്ടില്ലെന്നും സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചു.
എന്‍ജിനില്‍ തീ കണ്ടതും പൈലറ്റുമാര്‍ ഉടന്‍ തന്നെ അധികൃതരെ വിവരം അറിയിച്ചു. എന്നാല്‍ ഭയനാകമായ സ്ഥിതി ഉണ്ടായില്ലെന്നും അടിയന്തര ലാന്‍ഡിങ് വേണ്ടി വന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ അപകട സന്ദേശം ലഭിച്ചതിന് പിന്നാലെ അഗ്നിരക്ഷാസേനയടക്കം സ്ഥലത്തെത്തി. ലാന്‍ഡ് ചെയ്തതോടെ തീ നിയന്ത്രണ വിധേയമാക്കാനും സാധിച്ചു. എന്‍ജിനില്‍ തീ പിടിച്ചതെങ്ങനെയെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും വിമാനത്താവളം അധികൃതര്‍ അറിയിച്ചു.
അതേസമയം, വിമാനത്തിന്‍റെ ചക്രങ്ങള്‍ റണ്‍വേയുടെ പ്രതലത്തില്‍ ഉരഞ്ഞപ്പോള്‍ തീ ഉണ്ടായതാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഭാരമേറിയ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ ഇത്തരത്തില്‍ ചെറിയ തീപ്പൊരികള്‍ ഉണ്ടായേക്കാമെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടമില്ലെന്ന് സ്ഥിരീകരിച്ചതോടെ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയിലേക്ക് മടങ്ങിയെത്തി.
മാര്‍ച്ചില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് അമേരിക്കയില്‍ ഫെഡെക്സ് കാര്‍ഗോ വിമാനത്തിന്‍റെ എന്‍ജിനും തീ പിടിച്ചിരുന്നു. ഇതോടെ ന്യൂവാര്‍ക് ലിബര്‍ട്ടി ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ വിമാനം അടിയന്തരമായി നിലത്തിറക്കുകയും ചെയ്തു. വിമാനത്തിലുണ്ടായിന്ന മൂന്നുപേരും അദ്ഭുതകരമായി രക്ഷപെട്ടുവെന്നും എപി റിപ്പോര്‍ട്ട് ചെയ്തിരുന്നു.