‘വിമര്‍ശനങ്ങള്‍ അതിന്‍റെ വഴിക്ക് നടക്കട്ടെ. ഞങ്ങള്‍ സുഖമായും സന്തോഷമായും കഴിയുന്നു’ ഹിമാചലില്‍ ഒരു യുവതിയെ വധുവാക്കിയ സഹോദരന്‍മാര്‍ക്ക് സമൂഹത്തോട് പറയാനുള്ളത് അതാണ്. ഹിമാചലിലെ കുൻഹട്ട് ഗ്രാമത്തില്‍ നിന്നുള്ള സുനിത ചൗഹാന്‍ എന്ന യുവതിയെയാണ് ഷില്ലായി ഗ്രാമത്തിലെ ഹട്ടി ഗോത്രവർഗത്തിൽപ്പെട്ട സഹോദരങ്ങളായ പ്രദീപും കപില്‍ നേഗിയും ജോഡിദാര സമ്പ്രദായ പ്രകാരം വിവാഹം ചെയ്തത്. ബഹുഭർതൃത്വം അംഗീകരിക്കുന്ന പരമ്പരാഗത രീതിയാണിത്. രണ്ടോ അതിലധികമോ സഹോദരന്മാർ ഒരു യുവതിയെ വിവാഹം കഴിക്കുന്ന സമ്പ്രദായം.
ഈ വിവാഹം പലതരത്തിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുകയും മൂവരും വലിയതോതിലുള്ള വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വിധേയരാകുകയും ചെയ്തിരുന്നു.സവിവാഹചിത്രങ്ങളും വാര്‍ത്തയും ഓണ്‍ലൈനില്‍ വൈറലായതിന് പിന്നാലെയുള്ള വിമര്‍ശനങ്ങള്‍ തങ്ങളെ ബാധിച്ചില്ലെന്ന് സഹോദരങ്ങള്‍ പറഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഹട്ടി വംശത്തിന്റെ പാരമ്പര്യത്തിൽ അഭിമാനിക്കുന്നതായും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയില്‍ ഇരുവരും വ്യക്തമാക്കുന്നുണ്ട്. ‘ജോഡിദാര'യുടെ പ്രാധാന്യത്തെ അടിവരയിടുന്നതാണ് ഈ തീരുമാനമെന്നും വ്യക്തിപരമായ ബോധ്യത്തിനപ്പുറമാണിതെന്നും അവര്‍ വിശദീകരിക്കുന്നു. തലമുറകളായി പിന്തുടരുന്ന ഈ പാരമ്പര്യം തുടരുമെന്നും ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു.
‘ചിലർ സോഷ്യൽ മീഡിയയിൽ ഞങ്ങളെ അധിക്ഷേപിക്കുന്നുണ്ട്. എന്നാല്‍ അത് ഞങ്ങള്‍ക്ക് പ്രശ്നമല്ല. ജോഡിദാര്‍ ഞങ്ങളുടെ പ്രദേശത്ത് മാത്രമുള്ള സമ്പ്രദായമല്ല. ഉത്തരാഖണ്ഡിലും ഇത് നിലനില്‍ക്കുന്നുണ്ട്’ സഹോദരന്‍മാര്‍ പറയുന്നു. നിർബന്ധിത വിവാഹങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ തങ്ങളുടെ വിവാഹം സ്വമേധയാ ഉള്ളതായിരുന്നുവെന്നും ഇരുവരും വിശദീകരിക്കുന്നുണ്ട്. ‘ഞങ്ങള്‍ക്കും ഞങ്ങളുടെ ഭാര്യയ്ക്കും ഇത് സ്വീകാര്യമായിരുന്നു. കുടുംബങ്ങൾക്കും പൂര്‍ണ സമ്മതമായിരുന്നു’ ഇരുവരും പറയുന്നു.
ഞങ്ങളുടെ പാരമ്പര്യങ്ങൾക്കും സംസ്കാരത്തിനും വേണ്ടി വാദിക്കുന്നത് തുടരുക തന്നെ ചെയ്യുമെന്നും പ്രദീപും കപിലും വ്യക്തമാക്കി. ‘ഈ ആചാരങ്ങളെക്കുറിച്ച് അറിയാത്തവരാണ് അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത്. ഞങ്ങളുടെ കുടുംബവും സമൂഹവും ഇതില്‍ സന്തുഷ്ടരാണ്’ പ്രദീപ് പറയുന്നു. താഴ്ന്ന വരുമാനമുള്ള ഒരു കുടുംബത്തിൽ നിന്നാണ് തങ്ങൾ വന്നതെന്നും വാർത്തകളിൽ ഇടം നേടാൻ വേണ്ടിയല്ല വിവാഹം കഴിച്ചതെന്നും ഇരുവരും വ്യക്തമാക്കുന്നുണ്ട്. ‘ഈ വിവാഹത്തിന്റെ ഒരേയൊരു ലക്ഷ്യം ഒരുമിച്ച് നിൽക്കുകയും പരസ്പരം സ്നേഹിക്കുകയും ചെയ്യുക എന്നതാണ്. ഇത് ഞങ്ങളുടെ ജീവിതമാണ്, അതില്‍ ഞങ്ങള്‍ സംതൃപ്തരാണ്’ ഇരുവരും പറഞ്ഞു. ALSO READ: നിയമപരമോ ജോഡിദാര?
സിർമൗർ ജില്ലയിലെ ട്രാൻസ്-ഗിരി മേഖലയിലെ ഷില്ലായ് ഗ്രാമത്തില്‍ വച്ചായിരുന്നു ഇരുവരുടേയും വിവാഹം. നൃത്തങ്ങളും നാടന്‍പാട്ടുകളും തുടങ്ങി മൂന്ന് ദിവസങ്ങളിലായി ആഘോഷപൂര്‍വമായിരുന്നു വിവാഹം. മൂത്ത സഹോദരനായ പ്രദീപ് ജൽശക്തി വകുപ്പിലാണ് ജോലി ചെയ്യുന്നത്, കപിൽ വിദേശത്ത് ഹോസ്പിറ്റാലിറ്റി മേഖലയിലും ജോലി ചെയ്യുന്നു.