AI generated image

മനശാസ്ത്ര ചികില്‍സയ്ക്കായി എത്തിയ യുവാവുമായി പ്രണയത്തിലായി വിവാഹം കഴിച്ച 33 കാരി മാനസിക പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കി. ഹൈദരാബാദിലെ ബെഞ്ചാര ഹില്‍സിലാണ് സംഭവം. ബെഞ്ചാര ഹില്‍സിലെ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു ഡോക്ടര്‍ രഞ്ജിത ജോലി ചെയ്തുവന്നിരുന്നത്. ഇവിടേക്ക് സോഫ്റ്റു​വെയര്‍ എന്‍ജിനീയറായ രോഹിത് ചികില്‍സയ്ക്കായി എത്തി. രഞ്ജിതയുടെ ചികില്‍സയില്‍ രോഹിതിന് പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാകുകയും ചെയ്തു. മെല്ലെ രോഹിത് രഞ്ജിതയോട് വിവാഹാഭ്യര്‍ഥന നടത്തി. കുടുംബാംഗങ്ങളും സമ്മതം മൂളിയതോടെ വിവാഹവും നടത്തി. 

എന്നാല്‍ വിവാഹം കഴിഞ്ഞതിന് പിന്നാലെ രഞ്ജിത ജോലിക്ക് പോകുന്നത് രോഹിത് വിലക്കി. കിട്ടുന്ന ശമ്പളത്തിന് രഞ്ജിത ധൂര്‍ത്തടിക്കുകയാണെന്നായിരുന്നു കുറ്റപ്പെടുത്തല്‍. തുടര്‍ന്ന് ഹൈദരാബാദിലെ തന്നെ പ്രശസ്തമായ ഇന്‍റര്‍നാഷനല്‍ സ്കൂളില്‍ ചൈല്‍ഡ് സൈക്കോളജിസ്റ്റായി രഞ്ജിത ജോലിയില്‍ പ്രവേശിച്ചു. ഇതിനും രോഹിത് തടസം നിന്നതോടെ ഈ സ്വഭാവവുമായി മുന്നോട്ട് പോകാനാകില്ലെന്ന് രഞ്ജിത വ്യക്തമാക്കുകയും ചെയ്തു. ഇതോടെ ശാരീരിക ഉപദ്രവം ആരംഭിച്ചുവെന്ന് കുടുംബം പറയുന്നു. രഞ്ജിതയോട് രോഹിതും കുടുംബവും പണം ആവശ്യപ്പെടാന്‍ തുടങ്ങിയെന്നും കൊടുക്കാതിരുന്നാല്‍ മര്‍ദനം ആരംഭിച്ചുവെന്നും വീട്ടുകാര്‍ വെളിപ്പെടുത്തുന്നു. രോഹിതിനൊപ്പം മാതാപിതാക്കളും സഹോദരനും പീഡനം തുടങ്ങിയതോടെ രഞ്ജിത കടുത്ത മനപ്രയാസത്തിലായി. 

ജൂലൈ 16ന് അമിത അളവില്‍ ഉറക്ക ഗുളിക കഴിച്ച് രഞ്ജിത ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൃത്യസമയത്ത് ചികില്‍സ ലഭിച്ചതിനാല്‍ മാത്രം ജീവന്‍ തിരിച്ചു കിട്ടി. സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങിയെത്തിയ രഞ്ജിത ജൂലൈ 28ന് നാലുനിലക്കെട്ടിടത്തിലെ ബാത്ത്റൂം ജനാലയിലൂടെ ചാടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രഞ്ജിത ഒടുവില്‍ മരണത്തിന് കീഴടങ്ങി. 

വനിതാ ഡോക്ടറുടെ മരണത്തില്‍ ആത്മഹത്യാപ്രേരണയ്ക്ക് രോഹിതിനും കുടുംബത്തിനുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്തുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. 

ENGLISH SUMMARY:

Suicide case in Hyderabad: A 33-year-old woman psychologist committed suicide due to alleged mental harassment from her husband and his family. Police have registered a case against the husband and his family for abetment to suicide.