മധ്യപ്രദേശില്‍ ബൈക്കിന്‍റെ ഇന്ധനടാങ്കിനടിയില്‍ വിഷപ്പാമ്പുമായി വിദ്യാര്‍ഥി സഞ്ചരിച്ചത് രണ്ട് മണിക്കൂറോളം. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം. നഗരത്തിലെ സ്വകാര്യ കോളജിലെ രണ്ടാം വർഷ ബിഎ വിദ്യാർഥിയാണ് വിഷപ്പാമ്പിന്‍റെ കടിയേല്‍ക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
വിദ്യാര്‍ഥി ഓടിക്കുകയായിരുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റിന്‍റെ ഇന്ധന ടാങ്കിനടിയിലായിരുന്നു അണലിയെ കണ്ടെത്തിയത്. ബൈക്കില്‍ പാമ്പുണ്ടെന്നതറിയാതെ രണ്ട് മണിക്കൂറോളമാണ് വിദ്യാര്‍ഥി സഞ്ചരിച്ചത്. എന്നാല്‍ അസാധാരണമായി ഒന്നും തോന്നിയില്ലെന്നും വിദ്യാര്‍ഥി പറഞ്ഞു. പിന്നീട് ഇടയ്ക്കുവച്ച് വാഹനത്തിന് എന്തോ പ്രശ്നം തോന്നിയതിനാല്‍ സര്‍വീസ് സെന്‍ററില്‍ എത്തിക്കുകയായിരുന്നു.
സര്‍വീസ് സെന്‍ററിലെ മെക്കാനിക്കാണ് ടാങ്ക് കവർ നീക്കം ചെയ്തതിന് പിന്നാലെ ടാങ്കിനടിയിൽ മാരകമായ അണലി ചുരുണ്ടുകൂടിക്കിടക്കുന്നതായി കണ്ടെത്തിയത്. ഇയാള്‍ ഉടന്‍ തന്നെ വിദ്യാര്‍ഥിയെ സ്ഥലത്തുനിന്ന് മാറ്റി പാമ്പ് പിടുത്തക്കാരനെ വിളിക്കുകയായിരുന്നു. പാമ്പുപിടിത്തക്കാരനായ അകിൽ ബാബയും മകനും സ്ഥലത്തെത്തിയാണ് അണലിയെ പിടികൂടിയത്. ചൂട് മൂലമോ വാഹനം പാർക്ക് ചെയ്‌ത ശേഷമോ പാമ്പ് ബൈക്കിൽ കയറിക്കൂടിയതായിരിക്കാം എന്ന് അകിൽ ബാബ എൻഡിടിവിയോട് പറഞ്ഞു.
ബൈക്ക് തന്‍റെ കോളജിന് പുറത്ത് പാർക്ക് ചെയ്തിരുന്നതായാണ് വിദ്യാര്‍ഥി പറയുന്നത്. ബൈക്കിന് സമീപം ഒരു പാമ്പിനെ കണ്ടതായി പലരും പറഞ്ഞിരുന്നെന്നും എന്നാല്‍ പരിശോധിച്ചപ്പോള്‍ ഒന്നും കണ്ടെത്താനായിരുന്നില്ല എന്നും വിദ്യാര്‍ഥി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല അതിനാലാണ് ബൈക്കുമെടുത്ത് ഇറങ്ങിയതെന്നും വിദ്യാര്‍ഥി പറഞ്ഞു.