Image Credit: x/Kumar Manish

ആഡംബരക്കാറില്‍ അഭ്യാസം കാണിക്കുന്നതിനായി കടലിലേക്ക് ഓടിച്ചിറക്കിയ യുവാവ് കുടുങ്ങി.ഗുജറാത്തിലെ സൂറത്തിലാണ് സംഭവം.ദുമാസ് ബീച്ചില്‍ ഇന്നലെ രാവിലെ പ്രഭാത നടത്തത്തിനായി എത്തിയ അഷ്കര്‍ ഷാ എന്നയാളും ഭാര്യയുമാണ് ബീച്ചിലൂടെ കാറോടിച്ചത്. ഒരു കിലോമീറ്റര്‍ പോയതും കനത്ത മഴ പെയ്തു. ഇതോടെ കാര്‍ മണലില്‍ പുതയാന്‍ തുടങ്ങി. വേലിയേറ്റ സമയം കൂടിയായതിനാല്‍ കൂറ്റന്‍ തിരമാലകളും തീരത്തേക്ക് എത്തി. പെട്ടെന്ന് ചെളിയില്‍ കാര്‍ കൂടുതല്‍ താഴുകയാണ് ഉണ്ടായത്. ബീച്ചിലുണ്ടായിരുന്നവര്‍ സഹായിക്കാന്‍ എത്തിയെങ്കിലും കാര്‍ പുറത്തേക്ക് എടുക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ അഗ്നിരക്ഷാസേനയെത്തിയാണ് കാര്‍ 'രക്ഷപെടുത്തി'യത്. 

സംഭവത്തില്‍ അഷ്കര്‍ ഷായ്ക്കും ഭാര്യയ്ക്കും എതിരെ കേസെടുത്തുവെന്ന് പൊലീസ് അറിയിച്ചു. ഇന്‍ഷൂറന്‍സ് കമ്പനിയെ വിവരം അറിയിച്ചിട്ടുണ്ടെന്നും കാര്‍ നന്നാക്കിയെടുക്കാനുള്ള ഇന്‍ഷൂറന്‍സ് തുക കാറുടമയ്ക്ക് ലഭിക്കില്ലെന്ന് ഉറപ്പ് വരുത്തിയെന്നും പൊലീസ് അറിയിച്ചു. ഇത്തരത്തില്‍ നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുന്നവരെ പാഠം പഠിപ്പിക്കാന്‍ ഇതേ വഴിയുള്ളൂവെന്നും എസിപി ദീപ് വക്ല്‍ മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം, ഡ്രൈവ് വിലക്കിയിട്ടുള്ള ബീച്ചില്‍ എങ്ങനെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ദമ്പതികള്‍ കാറുമായി ഇറങ്ങിയതെന്നതില്‍ ചോദ്യം ഉയര്‍ന്നിട്ടുണ്ട്. സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടായെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 

ENGLISH SUMMARY:

A man in Gujarat's Surat drove his luxury car into Dumas Beach for a stunt, but it got stuck in the sand amid heavy rain and high tide. Firefighters rescued the car, and police have booked the owner, Ashkar Shah, ensuring he won't receive an insurance payout for the irresponsible act.