ഫയല്‍ ചിത്രം: നിഖില്‍ രാജ് (മനോരമ)
കര്‍ണാടകയിലെ ധര്‍മ്മസ്ഥലയില്‍ ദുരൂഹസാഹചര്യത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെ കുറിച്ചുള്ള അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചേക്കും. ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകര്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടു.
ക്ഷേത്ര ദര്‍ശനത്തിനിടെ ഇരുപതു വര്‍ഷം മുന്‍പാണ് മണിപ്പാല്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിയായിരുന്ന അനന്യ ഭട്ടിനെ കാണാവുന്നത്. അന്ത്യകര്‍മ്മങ്ങളെങ്കിലും ചെയ്യാന്‍ മകളുടെ ശരീരാവശിഷ്ടങ്ങളെങ്കിലും കണ്ടെത്തി നല്‍കൂവെന്ന വിലാപവുമായി പ്രായമായ ഒരമ്മ മംഗളുരുവിലെ പൊലീസ് സ്റ്റേഷനുകള്‍ കയറി ഇറങ്ങി. കേസെടുത്തെങ്കിലും കാര്യമായി മുന്നോട്ടുപോയിട്ടില്ല. 20 കൊല്ലം മുന്‍പ് മകളെ തിരക്കി ധര്‍മ്മസ്ഥലയിലെത്തിയപ്പോഴുണ്ടായ ഗുണ്ടാ ആക്രമണത്തിന്റെ ഓര്‍മകളുള്ളതിനാല്‍ താമസസ്ഥലം വെളിപ്പെടുത്താന്‍ പോലും ഭയമാണ് അവര്‍ക്ക്.
ഇതിനിടെയാണ് സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് ഗോപാല ഗൗഡയുടെ നേതൃത്വത്തില്‍ അഭിഭാഷക സംഘം മുഖ്യമന്ത്രിയെ കണ്ടത്. ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം. പരിഗണിക്കാമെന്ന മറുപടിക്കപ്പുറം ഉറപ്പുകളൊന്നും കിട്ടിയിട്ടില്ല. എന്നാല്‍ ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് സര്‍ക്കാര്‍ പെരുമാറണമെന്നാണ് ഉയരുന്ന ആവശ്യം.