തമിഴ്നാട്ടിലെ കടലൂരില്‍ ട്രെയിന്‍ സ്കൂള്‍ ബസിലിടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചതുമായിബന്ധപ്പെട്ട് ഗേറ്റ് കീപ്പര്‍ പങ്കജ് ശര്‍മയെ റെയില്‍വേ പിരിച്ചുവിട്ടു. ഗേറ്റ് കീപ്പറുടെ അനാസ്ഥയാണ് അപകടകാരണമെന്ന അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അപകടത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാകാന്‍ അപകടത്തെ കുറിച്ച് തെറ്റായ വിവരമാണ് ഗേറ്റ് കീപ്പര്‍ സ്റ്റേഷന്‍ മാസ്റ്ററെ അറിയിച്ചത്. ട്രെയിന്‍ വരുന്നതിന് മുമ്പായി താന്‍ ഗേറ്റ് അടച്ചിരുന്നു. എന്നാല്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ നിര്‍ബന്ധിച്ച് ഗേറ്റ് തുറപ്പിച്ചു. ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നുമായിരുന്നു പങ്കജ് അന്വേഷണത്തിനിടെ വിശദീകരിച്ചത്. എന്നാല്‍ അപകടം നടന്ന് തൊട്ടടുത്ത നിമിഷം പങ്കജ് സ്റ്റേഷന്‍ മാസ്റ്ററെ വിളിച്ച് ഗേറ്റ് അടച്ചിരുന്നില്ലെന്ന് ഏറ്റുപറഞ്ഞിരുന്നു. ഈ സംഭാഷണം ഫോണിലെ ഓട്ടോ വോയ്സ് റെക്കോര്‍ഡറില്‍ സേവ് ആകുകയും ചെയ്തിരുന്നു. ഗേറ്റ് അടച്ചിരുന്നെന്ന പങ്കജിന്‍റെ മൊഴി വാസ്തവ വിരുദ്ധമാണെന്നും സംഭവ സമയത്ത് റെയില്‍വേ ഗേറ്റ് തുറന്ന് കിടക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ട്രെയിന്‍ വരുന്നതായി വിവരം കൈമാറാന്‍ തൊട്ടടുത്ത സ്റ്റേഷനിലെ ഗേറ്റ് കീപ്പര്‍, പ്രതിയായ പങ്കജ് ശര്‍മയെ വിളിച്ചുവെങ്കിലും ഫോണ്‍ എടുത്തിരുന്നില്ല. പങ്കജ് ശര്‍മ ഈ സമയത്ത് ഉറക്കമായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്.
തുറന്ന് കിടന്ന ഗേറ്റിലൂടെ സ്കൂള്‍ ബസ് കടന്നുപോയപ്പോഴാണ് ട്രെയിന്‍ എത്തിയതും അപകടം സംഭവിച്ചതും. സ്വകാര്യ സ്കൂളിലെ നാലു കുട്ടികളും ഡ്രൈവറുമാണ് വാനില്‍ ഉണ്ടായിരുന്നത്. ട്രെയിന്‍ ഇടിച്ചതോടെ വാനിന്റെ മുകള്‍ഭാഗം ചിതറിത്തെറിച്ചു. ജൂലൈ എട്ടിന് രാവിലെ എട്ടുമണിയോടെയാണ് ചിദംബരത്തിനടുത്ത ചെമ്മന്‍കുപ്പത്തെ ലെവല്‍ക്രോസില്‍ അപകടം ഉണ്ടായത്.