കൊല്ലപ്പെട്ട സിപിഐ നേതാവ് കെ.ചന്ദു നായിക് (വലത്)
സിപിഐ തെലങ്കാന സംസ്ഥാന കമ്മിറ്റി അംഗം കെ.ചന്ദുനായിക്കിനെ കാറിലെത്തിയ സംഘം വെടിവച്ചുകൊന്നു. ഹൈദരാബാദിലെ മലക്പെട്ടില്‍ രാവിലെ നടക്കാനിറങ്ങിയപ്പോഴായിരുന്നു ആക്രമണം. രാവിലെ ഏഴരയോടെ സാലിവാഹന പാര്‍ക്കിനരികിലൂടെ നടക്കുകയായിരുന്ന ചന്ദു നായിക്കിനുനേരെ കാറില്‍ വന്ന സംഘം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പരിസരത്തുണ്ടായിരുന്നവര്‍ പറഞ്ഞു. മുഖത്ത് മുളകുപൊടി എറിഞ്ഞശേഷമായിരുന്നു വെടിവയ്പ്പ്. ചന്ദു നായിക് തല്‍ക്ഷണം മരിച്ചു.
അക്രമികള്‍ രക്ഷപെട്ടു. അക്രമിസംഘത്തില്‍ മൂന്നോ നാലോ പേര്‍ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതെന്ന് സൗത്ത് ഈസ്റ്റ് സോണ്‍ ഡിസിപി എസ്.ചൈതന്യകുമാര്‍ പറഞ്ഞു. മൂന്ന് റൗണ്ട് വെടിയുതിര്‍ത്തതിന്‍റെ ശേഷിപ്പുകളും രണ്ട് വെടിയുണ്ടകളും സ്ഥലത്തുനിന്ന് കണ്ടെടുത്തു. ഒരേ തോക്കില്‍ നിന്നാണ് വെടിയുതിര്‍ത്തതെന്നാണ് നിഗമനം.
അക്രമികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. മലക്പെട്ട് പാര്‍ക്കിനരികിലേക്കുള്ള റോഡുകളിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കുന്നുണ്ട്. 10 ടീമുകളായി തിരിഞ്ഞാണ് പൊലീസ് തിരച്ചില്‍ നടത്തുന്നത്. 2022ല്‍ റജിസ്റ്റര്‍ ചെയ്ത ഒരു കൊലപാതകക്കേസിലെ പ്രതി കൂടിയാണ് കൊല്ലപ്പെട്ട ചന്ദു നായിക്. എന്നാല്‍ തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന പരാതിയോ ആശങ്കയോ അദ്ദേഹം പൊലീസിനെ അറിയിച്ചിട്ടില്ലെന്ന് ഡിസിപി അറിയിച്ചു.
ചന്ദു നായിക് കൊല്ലപ്പെട്ട സ്ഥലത്ത് പൊലീസ് നായയെക്കൊണ്ട് പരിശോധിക്കുന്നു
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമികാന്വേഷണത്തില്‍ ബോധ്യപ്പെട്ടത്. ഇതില്‍ ഉള്‍പ്പെട്ട മൂന്നുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഏറെക്കാലമായുള്ള വൈരാഗ്യമാണ് ഇവര്‍ തമ്മിലുണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. സംശയിക്കുന്നവരില്‍ നിന്ന് പരമാവധി വിവരങ്ങള്‍ ശേഖരിക്കാനുള്ള തയാറെടുപ്പിലാണ് പൊലീസ്. സിപിഐ(എംഎല്‍) നേതാവുമായുള്ള രാഷ്ട്രീയവിരോധവും അന്വേഷണത്തിന്‍റെ പരിധിയിലുണ്ട്. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ അച്ചംപെട്ട് സ്വദേശിയാണ് ചന്ദു നായിക്.