ഡല്‍ഹിയില്‍ നടുറോഡില്‍വച്ച് യുവാവിന്റെ മൊബൈല്‍ഫോണ്‍ കവര്‍ന്ന സംഭവത്തില്‍ ട്വിസ്റ്റ്. സൗത്ത് ഡെല്‍ഹി പൊലീസ് സ്റ്റഷന്‍ പരിധിയിലാണ് സംഭവം. ഇരുചക്രവാഹനത്തില്‍ വന്ന രണ്ട് മോഷ്ടാക്കള്‍ യുവാവിന്റെ ഫോണ്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞു. യുവാവ് ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കി. സംഭവസ്ഥലത്തുനിന്നുള്ള സിസിടിവി പരിശോധനയിലൂടെയാണ് മോഷണത്തിലെ ട്വിസ്റ്റ് പുറത്തുവന്നത്.
ജൂണ്‍ 19ന് ഓള്‍ഡ് യുകെ പെയിന്റ് ഫാക്ടറിക്കു സമീപത്തുവച്ചാണ് യുവാവിന്റെ ഫോണ്‍ മോഷ്ടിക്കപ്പെട്ടത്. പരാതിയെത്തുടര്‍ന്ന് കേസ് അന്വേഷിച്ച പൊലീസ് മോഷണം നടന്ന മേഖലയിലെ 70സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കേസിന്റെ ഗതി വ്യക്തമായത്. യുവാവിന്റെ ഭാര്യ തന്നെ നല്‍കിയ ക്വട്ടേഷനായിരുന്നു ആ മോഷണമെന്നാണ് റിപ്പോര്‍ട്ട്. വാടകയ്ക്കെടുത്ത വാഹനത്തിലാണ് മോഷ്ടാക്കള്‍ എത്തിയത്. ഇതിനായി നല്‍കിയ ആധാര്‍ കാര്‍ഡും മൊബൈല്‍ നമ്പറും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് പ്രധാന പ്രതി അങ്കിത് ഗെലോട്ടിനെ രാജസ്ഥാനിലെ ബലോത്രയില്‍ നിന്നും പിടികൂടുകയായിരുന്നു. ഇയാളുടെ മൊഴി അനുസരിച്ചാണ് സംഭവത്തിനു പിന്നില്‍ യുവാവിന്റെ ഭാര്യയാണെന്ന് കണ്ടെത്തിയത്.
യുവാവിന്റെ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു, ഇയാള്‍ക്കൊപ്പമുള്ള സ്വകാര്യദൃശ്യങ്ങള്‍ ഭര്‍ത്താവ് മൊബൈലില്‍ സേവ് ചെയ്തുവച്ചിരുന്നു. ഇത് ഡിലീറ്റ് ചെയ്യാനാണ് തങ്ങള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് പ്രതി മൊഴി നല്‍കി. ഭര്‍ത്താവിന്റെ ദൈനംദിന കാര്യങ്ങളും യാത്രകളും ഓഫീസ് സമയവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യുവതി മോഷ്ടാക്കള്‍ക്ക് നല്‍കിയിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവാവിന്റെ ഭാര്യയേയും പൊലീസ് അറസ്റ്റ് ചെയ്തു.
ഭാര്യയുടെ അവിഹിത ബന്ധത്തെക്കുറിച്ചറിഞ്ഞ യുവാവ് ഭാര്യ ഉറങ്ങുന്ന സമയത്ത് മൊബൈല്‍ പരിശോധിക്കുകയും ചിത്രങ്ങളും ദൃശ്യങ്ങളും സ്വന്തം മൊബൈലിലേക്ക് മാറ്റുകയും ചെയ്തു. ദൃശ്യങ്ങള്‍ ബന്ധുക്കളെ കാണിച്ചേക്കുമെന്ന ഭയത്താലാണ് മോഷണത്തിനായി ക്വട്ടേഷന്‍ നല്‍കിയതെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍.