പ്രണയിച്ച് വീട്ടുകാരറിയാതെ വിവാഹം കഴിച്ച ബന്ധത്തില്‍ ജനിച്ച രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കുട്ടയിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ 'പിതാവ്' പിടിയില്‍. 23കാരനായ അമന്‍ ഖോണ്ട്കറാണ് പിടിയിലായത്. നവി മുംബൈയിലാണ് സംഭവം. എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ അമന് അകന്ന ബന്ധുവായ 20കാരിയിലാണ് മകള്‍ ജനിച്ചത്.
വീട്ടുകാരറിയാതെ ജനിച്ച കുഞ്ഞിനെ ടാക്ക കോളനിയിലെ അനാഥാലയത്തിന് പുറത്തെ നടപ്പാതയില്‍ ഒരു പ്ലാസ്റ്റിക് കുട്ടയില്‍ കൊണ്ട് വച്ച ശേഷം അമന്‍ സ്ഥലംവിടുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രണയവും വിവാഹവും എതിര്‍ത്തുവെങ്കിലും ഇരുവരും രഹസ്യമായി വിവാഹിതരായി. മുംബ്രയിലെ ആശുപത്രിയില്‍ നിന്ന് അമ്മയെയും കുഞ്ഞിനെയും വിട്ടയച്ചതിന് പിന്നാലെയാണ് അമന്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. ഈ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതാണ് തുണയായത്.
അനാഥാലയത്തിന് പുറത്തേക്ക് അമനും യുവതിയും കാറിലാണ് എത്തിയത്. ബുര്‍ഖ ധരിച്ചെത്തിയ പെണ്‍കുട്ടി അമനൊപ്പമെത്തി അനാഥാലയത്തിന് പുറത്തെ നടപ്പാതയില്‍ കുഞ്ഞുള്ള പ്ലാസ്റ്റിക് കുട്ട വയ്ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. 'ഇവളെ ഉപേക്ഷിക്കേണ്ടി വന്നതില്‍ ക്ഷമിക്കണം' എന്നെഴുതിയ കുറിപ്പും കുഞ്ഞിനൊപ്പം വച്ചിരുന്നു. പിന്നാലെ ഇരുവരും സ്ഥലം വിട്ടു. രാവിലെ ഗേറ്റ് തുറക്കാനെത്തിയപ്പോഴാണ് അനാഥാലയം അധികൃതര്‍ നവജാത ശിശുവിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയും കുഞ്ഞിന് മതിയായ പരിചരണം നല്‍കുകയുമായിരുന്നു.
പൊലീസ് അന്വേഷിച്ചെത്തിയതും കുഞ്ഞിനെ ഉപേക്ഷിച്ച വിവരം ഇരുവരും സമ്മതിച്ചു. എന്നാല്‍ കുഞ്ഞിനെ ഉപേക്ഷിച്ചതില്‍ യുവതിക്ക് കുറ്റബോധമൊന്നും ഇല്ലെന്ന് പരിശോധിച്ച മനശാസ്ത്രജ്ഞര്‍ പറയുന്നു. കുഞ്ഞിന്‍റെ മാതാപിതാക്കള്‍ക്ക് മതിയായ കൗണ്‍സിലിങ് നല്‍കി വരികയാണ്.