TOPICS COVERED

വന്ദേഭാരതില്‍ ബിജെപി എംഎല്‍എയ്ക്ക് വിന്‍ഡോ സീറ്റ് നല്‍കാന്‍ വിസമ്മതിച്ച യാത്രക്കാരന് ട്രെയിനിനുള്ളില്‍ മര്‍ദ്ദനം. ഡല്‍ഹി–ഭോപ്പാല്‍ വന്ദേഭാരതില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ഉത്തര്‍പ്രദേശിലെ ജാന്‍സിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ രാജീവ് സിങ് ആണ് പ്രശ്നമുണ്ടാക്കിയത്. 

ഭാര്യയ്ക്കും മകനുമൊപ്പം മണ്ഡലത്തിലേക്കുള്ള യാത്രയിലായിരുന്നു എംഎല്‍എ. രാജീവ് സിങിന്‍റെ സീറ്റ് കംപാര്‍ട്ട്മെന്‍റില്‍ ഏറ്റവും പുറകിലും ഭാര്യയും മകനും മുന്‍നിരയിലും. കുടുംബത്തിനൊപ്പം ഇരുന്ന യാത്രക്കാരാന്‍ സീറ്റ് മാറാന്‍ വിസമ്മതിച്ചതാണ് പ്രശ്നത്തിന് കാരണം. വണ്ടി ജാന്‍സി സ്റ്റേഷനിലെത്തിയോതോടെ എംഎല്‍എയുടെ അനുയായികള്‍ ട്രെയിനില്‍ കയറുകയും യാത്രക്കാരനെ പൊതിരെ തല്ലുകയുമായിരുന്നു. ഭോപ്പാലിലേക്കാണ് ഇയാള്‍ യാത്ര ചെയ്തിരുന്നത്. 

ആറംഗസംഘം  യാത്രക്കാരനെ വളഞ്ഞിട്ട് തല്ലി. ചെരുപ്പൂരി അടിച്ചും രോഷം തീര്‍ത്തു. ഇടികൊണ്ട് യാത്രിക്കാരന്‍റെ മൂക്കില്‍ നിന്നും ചോരവാര്‍ന്നത് വിഡിയോയില്‍ കാണാം. സീറ്റ് തര്‍ക്കത്തിലാണ് മര്‍ദനമെന്ന് ജാന്‍സി റെയില്‍വെ പൊലീസ് സൂപ്രണ്ട് വിപുല്‍ കുമാര്‍ ശ്രീവാസ്തവ പറഞ്ഞു. യാത്രക്കിടെ ഭാര്യയോടും മകനോടും മോശമായി പെരുമാറിയെന്ന് കാണിച്ച് മര്‍ദ്ദനമേറ്റയാള്‍ക്കെതിരെ രാജീവ് സിങ് പരാതി നല്‍കിയിട്ടുണ്ട്. സംഭവം വൈറലായതോടെ ഇയാള്‍ക്കെതിരെ ബിജെപി ഉത്തര്‍പ്രദേശ് ഘടകം രാജീവ് സിങില്‍ നിന്നും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. 

ENGLISH SUMMARY:

A passenger on the Delhi-Bhopal Vande Bharat train was allegedly assaulted by BJP MLA Rajeev Singh from Jhansi, Uttar Pradesh, for refusing to give up his window seat. The incident occurred last Thursday, sparking controversy.