Image Credit: X
ക്യാന്‍സര്‍ രോഗിയായ മുത്തശ്ശിയെ മാലിന്യകൂമ്പാരത്തിന് മുകളില്‍ ഉപേക്ഷിച്ച് കൊച്ചുമകന്‍റെ ക്രൂരത. മുംബൈയിലെ ആരെയ് കോളനി ഏരിയയിലാണ് 60 കാരിയെ കൊച്ചുമകനാണ് മാലിന്യത്തിനൊപ്പം ഉപേക്ഷിച്ചത്. ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് വയോധികയെ മാലിന്യ കൂമ്പാരത്തില്‍ അവശനിലയില്‍ കണ്ടെത്തുന്നത്. മലാഡില്‍ താമസമാക്കിയ യശോദ ഗെയ്‍ക്വാദാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇവര്‍ സ്കിന്‍ ക്യാന്‍സറിന് ചികില്‍സയിലാണ്.
കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തുന്നത്. വിവരം ലഭിച്ച ഉടനെ സ്ഥലത്ത് എത്തിയെന്നും കണ്ടെത്തുമ്പോള്‍ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മുഖത്ത് ഉണങ്ങാത്ത മുറിവുണ്ട്. അർബുദം മൂലമാണ് പരുക്കെന്നാണ് സൂചന. യശോദയുടെ കവിളിലും മൂക്കിലും അണുബാധയുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പിങ്ക് നൈറ്റ് ഡ്രസും ഗ്രേ പെറ്റിക്കോട്ടുമാണ് ഇവരുടെ വേഷം.
മലാഡില്‍ കൊച്ചുമകനൊപ്പമാണ് സ്ത്രീ തമാസിക്കുന്നത്. ഇയാള്‍ തന്നെയാണ് മാലിന്യകൂമ്പാരത്തില്‍ ഉപേക്ഷിച്ചതെന്ന് സ്ത്രീ പൊലീസിനോട് പറഞ്ഞു. രാവിലെ സ്ത്രീയെ കണ്ടെത്തിയെങ്കിലും വൈകീട്ട് 5.30 മണിയോടെയാണ് ഇവര്‍ക്ക് ചികില്‍സ ലഭ്യമാക്കാനായത്. ആശുപത്രിയിലെത്തിച്ചത്. ആദ്യം ജോഗേശ്വരി ട്രൂമ സെന്‍ററില്‍ എത്തിച്ചെങ്കിലും സൗകര്യമില്ലെന്ന് പറഞ്ഞ് നിരസിച്ചു. വിവിധ ആശുപത്രികള്‍ നിരസിച്ച ശേഷം നിലവില്‍ കൂപ്പര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് ഇവര്‍.
മലാഡില്‍ കൊച്ചുമകന്‍റെ വിവരങ്ങളും കാന്തിവാലിയില്‍ നിന്നുമുള്ള കുടുംബക്കാരുടെ വിവരങ്ങളും ഇവര്‍ പൊലീസ് നല്‍കിയിട്ടുണ്ട്. ഇവിടങ്ങളിലെത്തി പ്രദേശവാസികളില്‍ നിന്ന് വിവരം ശേഖരിച്ചെങ്കിലും കൊച്ചുമകനെ കണ്ടെത്താനായിട്ടില്ല. സിസിടിവി പരിശോധിച്ചെങ്കിലും ക്യാമറകളില്ലാത്ത സ്ഥലത്താണ് സ്ത്രീയെ ഉപേക്ഷിച്ചത്.