Image Credit: prajavani.net
ഇരയെന്ന് കരുതി കത്തി വിഴുങ്ങിയ മൂര്‍ഖന് അദ്ഭുത രക്ഷ. കര്‍ണാടകയിലെ കുംലയിലാണ് സംഭവം. ഹെഡ്ഗെ ഗ്രാമത്തിലെ ഗോവിന്ദ നായിക് എന്നയാളുടെ വീട്ടിലാണ് മൂര്‍ഖന്‍ എത്തിയത്. അടുക്കളയില്‍ ഇഴഞ്ഞെത്തിയ പാമ്പ് ഇരയെന്ന് കരുതി ഒരടിയോളം നീളമുള്ള കത്തിയാണ് വിഴുങ്ങിയത്.
കത്തി ഉള്ളിലായതോടെ പാമ്പ് വെപ്രാളത്തിലുമായി. അവിചാരിതമായി അടുക്കളയിലെത്തിയ ഗോവിന്ദ നായിക് മൂര്‍ഖനെ കണ്ട് ഞെട്ടി. പിന്നാല കത്തി വായില്‍ ഇരിക്കുന്നതും കണ്ടു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു.
അതിവേഗത്തില്‍ സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ പാമ്പിനെ പിടികൂടി പുറത്തെത്തിച്ചു. തുടര്‍ന്ന് പാമ്പിന്‍റെ വായ തുറന്ന ശേഷം ഉള്ളിലേക്ക് കത്രിക കയറ്റി വായ തുറന്ന് വച്ചു. പിന്നാലെ അതി വിദഗ്ധമായി കത്തി പുറത്തെടുക്കുകയായിരുന്നു. ചെറിയ മുറിവുപോലും ഏല്‍പ്പിക്കാതെയാണ് പാമ്പിന്‍റെ വായില്‍ നിന്ന് കത്തി പുറത്തെടുത്തത്. പാമ്പിനെ പിന്നീട് വനപ്രദേശത്തെത്തിച്ച് തുറന്നുവിട്ടു.