രാജസ്ഥാനിലെ ടോങ്ക് ജില്ലയിലുള്ള ബനാസ് നദി
രാജസ്ഥാനിലെ ടോങ്കില്‍ 8 യുവാക്കള്‍ നദിയില്‍ മുങ്ങിമരിച്ചു. ജയ്പൂരില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ സംഘത്തില്‍പ്പെട്ടവരാണ് മരിച്ചത്. ബനാസ് നദിയില്‍ കുളിക്കാനിറങ്ങിയ സംഘം ഒഴുക്കില്‍പ്പെട്ട് മുങ്ങുകയായിരുന്നു. 11 പേര്‍ സംഘത്തിലുണ്ടായിരുന്നു. വെള്ളം തെറിപ്പിച്ചും പരസ്പരം പിടിച്ചുതള്ളിയുമെല്ലാം ആസ്വദിച്ചുനിന്ന യുവാക്കള്‍ പെട്ടെന്നുണ്ടായ ഒഴുക്കില്‍ നിലതെറ്റി മുങ്ങുകയായിരുന്നു.
മൂന്നുപേരെ രക്ഷപെടുത്തിയെന്ന് ടോങ്ക് ജില്ലാ പൊലീസ് മേധാവി വികാസ് സാംഗ്‌വാന്‍ പറഞ്ഞു. ടോങ്ക് പൊലീസ് അപകടസ്ഥലത്തുണ്ട്. മൃതദേഹങ്ങള്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. 8 പേര്‍ ആശുപത്രിയില്‍ എത്തുംമുന്‍പ് മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രക്ഷപെട്ടവര്‍ ഇവിടെത്തന്നെ ചികില്‍സയിലാണ്.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. യുവാക്കളുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് പൊലീസെത്തി പ്രദേശവാസികളുടെ സഹായത്തോടെ മൃതദേഹങ്ങള്‍ പുറത്തെടുക്കുകയായിരുന്നു. ഓള്‍ഡ് ബ്രിഡ്ജിനുസമീപം ഒഴുക്കും ആഴവുമുള്ള സ്ഥലത്താണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.