എഴുപത് വര്‍ഷത്തെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിനു ശേഷം വിവാഹിതരായ നവദമ്പതികള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. 95ലെത്തിയ വരനും 90ലെത്തിയ വധുവും നാടിനും വീടിനും അദ്ഭുതമാവുകയാണ്. രാജസ്ഥാനിലെ ഗലന്ദര്‍ സ്വദേശികളാണ് രമാഭായി കരാരിയും ഭാര്യ ജീവാലി ദേവിയും. ഇരുവരുടേയും ഏഴുപതിറ്റാണ്ടു നീണ്ട ഒന്നിച്ചുള്ള ജീവിതത്തിനിടെ എട്ടു മക്കളും പേരമക്കളുമുണ്ട്.
ദുങ്കാര്‍പുര്‍ ജില്ലയിലെ ആദിവാസി മേഖലയാണ് ഗലന്ദര്‍. എഴുപത് വര്‍ഷത്തെ ലിവ് ഇന്‍ ടുഗെദറിനു ശേഷം വിവാഹിതരാവാന്‍ തീരുമാനിച്ച കരാരിക്കും ജീവാലിക്കും പൂര്‍ണപിന്തുണയേകി മക്കളും മരുമക്കളും കൊച്ചുമക്കളും ഒപ്പമുണ്ട്. വിവാഹിതരാവാന്‍ തീരുമാനിച്ച വിവരം ഇരുവരും മക്കളെ അറിയിച്ചപ്പോള്‍ പൂര്‍ണപിന്തുണ നല്‍കുകയായിരുന്നു. വിവാഹത്തിന്റെ ഭാഗമായുള്ള ഹല്‍ദിചടങ്ങ് ജൂണ്‍ ഒന്നിനായിരുന്നു. ജൂണ്‍ നാലിനാണ് വിവാഹം നടത്തിയത്. ഗ്രാമത്തിലെ തലമുതിര്‍ന്ന നേതാക്കളുടേയും ജനപ്രതിനിധികളുടേയും സാന്നിധ്യവും ചടങ്ങിലുണ്ടായിരുന്നു.
ഡാന്‍സും ഡിജെയും ഉള്‍പ്പെടെയായിരുന്നു വിവാഹത്തിനു മുന്നോടിയായുളള ബന്ദോളി ഘോഷയാത്ര. ഗ്രാമവാസികളും മക്കളും പേരമക്കളുമുള്‍പ്പെടെയായിരുന്നു ആഘോഷദിനത്തില്‍ ചുവടുവച്ചത്. കരാരിയും ജീവാലിയും നിയമപരമായി ഒന്നുചേരുന്നത് കാണാന്‍ ആ ഗ്രാമമൊന്നടങ്കം എത്തിച്ചേര്‍ത്തിരുന്നു.