ജമ്മുകശ്മീരില്‍ ഭീകരത പടര്‍ത്താന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പഹല്‍ഗാമില്‍ നിരപരാധികളെ കൊന്നത് കശ്മീരിലെ വിനോദസഞ്ചാര മേഖലയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടായിരുന്നു. ഇന്ത്യയില്‍ കലാപമുണ്ടാക്കലായിരുന്നു മറ്റൊരു ലക്ഷ്യം. കശ്മീരിലെ ചെനാബില്‍ ഐഫല്‍ ടവറിനെക്കാള്‍ ഉയരമുള്ള പാലം യാഥാര്‍ഥ്യമാക്കിയെന്ന് മോദി പറഞ്ഞു. 46000 കോടി രൂപ ചെലവില്‍ ചെനാബില്‍ നിര്‍മിച്ച ലോകത്തെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേ പാലത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. Also Read: ഇന്ത്യയുടെ എൻജിനിയറിങ് വിസ്മയം, ഹിമാലയത്തിന്‍റെ ഹൃദയത്തിലേക്ക് ചൂളമടി; ‘ചെനാബ് പാലം’
മാനവരാശിക്കും കശ്മീരിനും നേരെയുള്ള ആക്രമണമാണ് പഹല്‍ഗാമിലുണ്ടായത്. സമാധാനത്തിനും വിനോദസഞ്ചാരത്തിനും പാവങ്ങളുടെ ജീവിതോപാധികള്‍ക്കും എതിരാണെന്ന് പാക്കിസ്ഥാന്‍ തെളിയിച്ചു. മേയ് ആറിന് പാക് ഭീകരര്‍ക്ക് മേല്‍ നാശം പെയ്തിറങ്ങി. ഓപറേഷന്‍ സിന്ദൂരെന്ന് കേള്‍ക്കുമ്പോഴെല്ലാം അവര്‍ക്കുണ്ടായ നാശവും തോല്‍വിയും മാത്രമാകും പാക്കിസ്ഥാന്‍റെ ഓര്‍മയിലേക്ക് വരികയെന്നും മോദി പറഞ്ഞു.