കശ്മീര്‍ താഴ്‌വരയിലെ മഞ്ഞു മേഘങ്ങളിലേക്ക് ചെനാബ് വഴി ഇനി തീവണ്ടിയുടെ ചൂളം വിളി കേള്‍ക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെനാബ് പാലവും അന്‍ജിപാലവും ഉദ്ഘാടനം ചെയ്യുന്നതോടെ രണ്ട് പ്രത്യേക വന്ദേഭാരതുകള്‍ ആഴ്ചയില്‍ ആറു ദിവസം നാല് സര്‍വീസ് നടത്തും. ജമ്മുതാവിയില്‍ നിന്ന് കയറിയാല്‍ നാലര മണിക്കൂര്‍ കൊണ്ട് ശ്രീനഗറില്‍ ഇറങ്ങാം.
ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള ലൈനിലെ (272 കി.മി.) എൻജിനിയറിങ് വിസ്മയം ശരിക്കും ലോകത്തെ തന്നെ വിസ്മയിപ്പിക്കും. കാലാവസ്ഥയുടെയും ഭൂപ്രകൃതിയുടെയും കടുത്ത വെല്ലുവിളികളെ അതിജീവിച്ച് പടുത്തുയര്‍ത്തിയ ചെനാബ് പാലവും അന്‍ജിപാലവും എഞ്ചിനീയറിങ്ങിന്റെ വിസ്മയങ്ങളാണ്. 359 മീറ്റര്‍ ഉയരത്തില്‍ നിന്ന് നോക്കിയാല്‍ ചെനാബ് നദി വെള്ളിനൂലുപോലെ ഒഴുകുന്നത് കാണാം. 1.10 കിലോമീറ്ററാണ് പാലത്തിന്റെ ദൈര്‍ഘ്യം.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലമാണ് ചെനാബ്,
പ്രധാനമന്ത്രി നരേന്ദ്ര മോദി ചെനാബ് പാലവും ഉധംപുർ–ശ്രീനഗർ–ബാരാമുള്ള റെയിൽലിങ്ക് പ്രൊജക്ടും (യുഎസ്ബിആർഎൽ) ഇന്ന് ഉദ്ഘാടനം ചെയ്യും. ചെനാബ്, അൻജി ഘാട്ട് പാലങ്ങളും പ്രധാനമന്ത്രി സന്ദർശിക്കും. ജമ്മു താവി– ശ്രീനഗർ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനും ഫ്ലാഗ് ഓഫ് ചെയ്യുന്ന പ്രധാനമന്ത്രി, 46,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കും.
വിസ്മയ നിര്‍മിതിയുടെ പ്രത്യേകത
ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയില്‍വേ ആര്‍ച്ച് പാലം, ഉയരം: നദിയില്‍ നിന്ന് 359 മീറ്റര്‍, ഈഫല്‍ ടവറിനെക്കാള്‍ (324 മീറ്റര്‍) 35 മീറ്റര്‍ അധികം ഉയരം, നീളം: 1100 മീറ്റര്‍, ചെലവ് : 1486 കോടി രൂപ, ആര്‍ച്ചിന്റെ ഭാരം: 13000 മെട്രിക് ടണ്‍, മണിക്കൂറില്‍ 260 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിനെ പ്രതിരോധിക്കും. ഭൂകമ്പത്തെ ചെറുക്കും. ഭീകരാക്രമണത്തെ ചെറുക്കാന്‍ ബ്ലാസ്റ്റ് പ്രൂഫ് സ്റ്റീല്‍ ഉപയോഗിച്ചു. പാലത്തിന്റെ പ്രധാന ഭാഗം 467 മീറ്ററിലുള്ള കമാനമാണ് (ആര്‍ച്ച്). 17 സ്പാനുകളുണ്ട്. പാലത്തിന് 120 വര്‍ഷത്തെ ആയുസ്. തീവണ്ടികള്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാം.