Image: x.com/AmarUjalaNews

ഇന്‍സ്റ്റഗ്രാം റീല്‍സെടുക്കുന്നതിനിടെ ആറു പെണ്‍കുട്ടികള്‍ യമുനാനദിയില്‍ മുങ്ങിമരിച്ചു. ആഗ്രയിലാണ് സംഭവം. തൊട്ടടുത്തുള്ള വയലിലെ പണിക്ക് പിന്നാലെയാണ് പെണ്‍കുട്ടികള്‍ നദിയിലേക്ക് ഇറങ്ങിയത്. റീല്‍സെടുത്തും വെള്ളത്തില്‍ കളിച്ചും നില്‍ക്കുന്നതിനിടെ ആഴമേറിയ ഭാഗത്തേക്ക് വീണു. പൊടുന്നനെ ഒഴുക്കില്‍പ്പെടുകയും ചെയ്തുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. 

വെള്ളത്തിലിറങ്ങിയവരില്‍ നാലുപെണ്‍കുട്ടികളാണ് ഒഴുക്കില്‍പ്പെട്ടുപോയത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ പ്രദേശവാസികള്‍ രക്ഷപെടുത്തി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  പിന്നാലെ ഒഴുക്കില്‍പ്പെട്ട നാലുപേരുടെയും ജഡവും കിട്ടുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട് മരിച്ച ആറുപേരും ബന്ധുക്കളായിരുന്നുവെന്നും സംഭവത്തിന്‍റെ നടുക്കത്തിലാണ് കുടുംബാംഗങ്ങളെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്തെ കൃഷിയിടത്തില്‍ ആറുപേരും ജോലി ചെയ്യുകയായിരുന്നുവെന്നും ചൂട് അസഹ്യമായതിനെ തുടര്‍ന്നാണ് പുഴയിലേക്ക് ഇറങ്ങിയതെന്നും ബന്ധുക്കള്‍ പറയുന്നു. എങ്ങനെയാണ് ആറുപേരും മുങ്ങിപ്പോയതെന്ന് അറിയില്ലെന്നും കണ്ണീരോടെ കുടുംബാംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 

 പെണ്‍കുട്ടികള്‍ നദിയില്‍ മുങ്ങിയ വാര്‍ത്ത പരന്നതിന് പിന്നാലെ ഗ്രാമവാസികള്‍ ഓടിക്കൂടി. ഉടന്‍ തന്നെ പൊലീസിലും അഗ്നിരക്ഷാസേനയിലും വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മുങ്ങിമരണമാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. 

ENGLISH SUMMARY:

Six girls tragically drowned in the Yamuna River in Agra, India, after being swept away by currents while filming Instagram Reels. The incident occurred after they entered the river post-field work; two were rescued but later died, and four bodies were recovered.