TOPICS COVERED

ആളുമാറി ബലാല്‍സംഗക്കേസ് പ്രതിയെ മോചിപ്പിച്ചുവെന്ന് പരാതി. ഹരിയാനയിലെ ഫരീദാബാദില്‍ നീംക‌‌ ജയിലിലാണ് സംഭവം. സംഭവം വിവാദമായതോടെ അഞ്ച് ജീവനക്കാരെ സസ്‌പെൻഡ്  ചെയ്തു.  പേരും പിതാവിന്‍റെ പേരും ഒന്നായ രണ്ടു പ്രതികളെയാണ് ജീവനക്കാര്‍ക്ക് മാറിപ്പോയത്. എന്നാല്‍ ഒരാൾ അനുവാദമില്ലാതെ അതിക്രമിച്ച് കടന്ന കേസിലെ പ്രതിയും മറ്റൊരാൾ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയുമായിരുന്നു.

നിതേഷ് എന്നായിരുന്നു രണ്ടു പ്രതികളുടേയും പേര്. അച്ഛന്‍മാരുടെ പേരുകള്‍ രവീന്ദറെന്നും. അതിക്രമിച്ചു കയറിയതിന് കുറ്റം ചുമത്തിയ നിതേഷിനെയായിരുന്നു ജയിലില്‍ നിന്നും മോചിപ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ ആളുമാറി ജീവനക്കാര്‍ മോചിപ്പിച്ചതാകട്ടെ ബലാല്‍സംഗക്കേസ് പ്രതിയായ നിതീഷിനെയും. മോചനം ലഭിച്ച ഉടന്‍ കടന്നുകളഞ്ഞ ബലാല്‍സംഗക്കേസ് പ്രതിയെ പിടികൂടാൻ തിരച്ചിൽ തുടരുകയാണ്. ഇയാളെ ഉടൻ തന്നെ പിടികൂടുമെന്ന് സദർ സ്റ്റേഷൻ ഹൗസ് ഓഫിസർ പിടിഐയോട് പറഞ്ഞു.

2021 ഒക്ടോബറിൽ ഫരീദാബാദിൽ ഒമ്പത് വയസ്സുള്ള ആൺകുട്ടിയെ ബലാല്‍സംഗം ചെയ്തതിന‌ാണ്  27 കാരനായ നിതേഷ് പാണ്ഡെ അറസ്റ്റിലായത്. വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയതിന് ഞായറാഴ്ച ജയിലിലടയ്ക്കപ്പെട്ടയാളാണ് മോചനം ലഭിക്കേണ്ടിയിരുന്ന 24 കാരനായ നിതേഷ്. ഫരീദാബാദ് കോടതി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് തിങ്കളാഴ്ച 24 കാരനായ നിതേഷിന് ജാമ്യം അനുവദിക്കുകയായിരുന്നു. പീഡനക്കേസിലെ പ്രതിക്ക് പാണ്ഡെ എന്ന കുടുംബപ്പേര് ഉണ്ടായിരുന്നെങ്കിലും  24 കാരനായ നിതേഷിന് കുടുംബപ്പേര് ഇല്ലായിരുന്നു. നിതേഷ് പാണ്ഡെ സ്വന്തം കുടുംബപ്പേര് മറച്ചുവെച്ച് ജയിൽ മോചിതനായെന്നാണ് ജയിൽ അധികൃതർ അവകാശപ്പെടുന്നത്. എന്നാല്‍ ജയിൽ സൂപ്രണ്ട് ഹരേന്ദ്ര സിംഗ് നടത്തിയ അന്വേഷണത്തെ തുടർന്ന് പ്രതിയെ അബദ്ധത്തിൽ വിട്ടയച്ചതില്‍ ഉത്തരവാദികളായ അഞ്ച് ജീവനക്കാരെയും സസ്പെൻഡ് ചെയ്യുകയായിരുന്നു.

ENGLISH SUMMARY:

A serious lapse occurred at Neemka Jail in Faridabad, Haryana, where an accused in a child rape case was mistakenly released due to a name mix-up. Both the released convict and the one scheduled for release were named Nitesh, with fathers also named Ravinder. Instead of the accused in a trespassing case, jail officials accidentally freed Nitesh Pandey, arrested for raping a 9-year-old boy in 2021. The rape accused fled immediately after his release. An inquiry led to the suspension of five jail officials as the search for the fugitive continues. Authorities claim the accused concealed his full name to mislead the system.