ചിത്രം; എക്‌സ്, തേജസ്വി യാദവ്
ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനും ഭാര്യ രാജ്ശ്രീക്കും ആണ്‍കുഞ്ഞ് പിറന്നു. ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണിത്. 2021ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് കത്യായനി എന്നുപേരായ ഒരു മകളുണ്ട്. തേജസ്വി തന്നെയാണ് കുഞ്ഞിന്റെ ജനനം എക്സിലൂടെ അറിയിച്ചത്.
‘കാത്തിരിപ്പ് അവസാനിച്ചു, ഒരുപാട് നന്ദിയും അനുഗ്രഹവും അഭിമാനവുമുള്ള മഹത്തരമായ നിമിഷം, ഞങ്ങള്‍ക്കൊരു ആണ്‍കുഞ്ഞ് പിറന്നു, ജയ് ഹനുമാന്‍’ എന്നാണ് തേജസ്വി ട്വിറ്ററില്‍ കുറിച്ചത്. ‘ഞങ്ങളുടെ വീട്ടുമുറ്റത്തേക്ക് ജൂനിയര്‍ തേജസ്വി എത്തിയിരിക്കുന്നു’ എന്നാണ് തേജസ്വിയുടെ സഹോദരി രോഹിണി ആചാര്യ എക്സില്‍ കുറിച്ചത്.
‘രാജ്ശ്രീക്കും സഹോദരന്‍ തേജസ്വിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനം, ആര്‍ജെഡി കുടുംബത്തിനൊന്നടങ്കം സന്തോഷിക്കാവുന്ന നിമിഷമാണിത്, പപ്പയുടേയും മമ്മയുടേയും വീട്ടുമുറ്റം ഇനി കളിചിരികളാല്‍ നിറയട്ടെ’യെന്നാണ് രോഹിണി ആശംസിച്ചത്. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റേയും റാബ്രി ദേവിയുടേയും ഇളയ പുത്രനാണ് 35കാരനായ തേജസ്വി യാദവ്.