ഡപ്യൂട്ടി കമ്മിഷണര്‍ സാക്ഷി സോനെ
പഞ്ചാബിലെ അമൃത്സറിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ 15 പേര്‍ മരിച്ചു. ഒട്ടേറെപ്പേര്‍ ആശുപത്രിയിലാണ്. അമൃത്സറിലെ അഞ്ചുഗ്രാമങ്ങളിലായാണ് ദുരന്തമുണ്ടായത്. സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭന്‍ഗാളി കലാന്‍, തരീവാള്‍, സന്‍ഗ, മാരാരി കലാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചവരില്‍ അധികവും. ഗുരുതരാവസ്ഥയിലായവരെ അമൃത്സര്‍ സിവിക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വിതരണം ചെയ്ത മദ്യമാണ് ഇത്രയധികം പേരുടെ ജീവനെടുത്തത്. എല്ലായിടത്തും മദ്യമെത്തിയത് ഒരുകേന്ദ്രത്തില്‍ നിന്നാണെന്നും പൊലീസ് പറയുന്നു. മദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായി ചിലര്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരിച്ചതെന്നും പൊലീസ് അറിയിച്ചു. വിവരം പൊലീസിനെ അറിയിക്കാതെ പ്രദേശവാസികള്‍ മൃതദേഹം മറവുചെയ്തെന്നും ആരോപണമുണ്ട്. മറ്റു ചിലരാവട്ടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമുണ്ടായതെന്നും അതുകൊണ്ട് സംസ്കരിച്ചുവെന്നുമാണ് അന്വേഷിച്ചെത്തിയ അധികൃതര്‍ക്ക് മൊഴി നല്‍കിയത്.
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് വിശദ വിവരങ്ങള്‍ പുറത്തുവന്നത്. വിഷമദ്യം വിതരണം ചെയ്തതെന്ന് കരുതുന്നവര്‍ക്കെതിരെ രണ്ട് എഫ്ഐആറുകള്‍ റജിസ്റ്റര്‍ ചെയ്തുവെന്നും മദ്യമെത്തിച്ചവര്‍ക്കെതിരെയും കേസുണ്ടെന്നും പഞ്ചാബ് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.