പലവിധത്തിലുള്ള ചലഞ്ചുകളും ബെറ്റുകളും നിത്യവും കാണുന്നവരും കേള്‍ക്കുന്നവരുമാണല്ലോ നാം. എന്നാല്‍ കര്‍ണാടക കോലാറിലെ ബെറ്റില്‍ യുവാവിന് നഷ്ടമായത് സ്വന്തം ജീവനാണ്.അതും കുഞ്ഞു പിറന്നതിന്‍റെ സന്തോഷം മായുന്നതിന് മുന്‍പ്.
5 ബോട്ടില്‍ ഡ്രൈ അടിച്ചാല്‍ പതിനായിരം
കോലാര്‍ ജില്ലയിലെ മുള്‍ബാഗില്‍ താലൂക്കിലെ പൂജരഹള്ളി ഗ്രാമത്തില്‍ ഇന്നലയാണ് സംഭവം. സുഹൃത്തുക്കളായ കാര്‍ത്തിക്, വെങ്കിട്ട റെഡ്ഡി,സുബ്രമണിയും മറ്റു നാലുപേരും ചേര്‍ന്ന് ബെറ്റ് വച്ചു. 5 ബോട്ടില്‍ മദ്യം വെള്ളം തൊടീക്കാത കഴിക്കുക. 5 ബോട്ടിലും കാലിയാക്കുന്നയാള്‍ക്ക് പതിനായിരം രൂപയെന്നായിരുന്നു വാഗ്ദാനം. വെങ്കിടറെഡ്ഡിയുടെ ഈ ബെറ്റിന് കാര്‍ത്തിക് എന്ന 21കാരന്‍ ചലഞ്ച് പറഞ്ഞു. നിന്ന നില്‍പില്‍ കാര്‍ത്തിക് മദ്യം അകത്താക്കാന്‍ തുടങ്ങി. 5 ആമത്തെ ബോട്ടിലും കാലിയാകുമ്പോഴേക്കും കാര്‍ത്തികിന് ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങി. വൈകാതെ കുഴഞ്ഞുവീണു. സുഹൃത്തുക്കള്‍ ചേര്‍ന്നു മുല്‍ബാഗില്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സകളോടു പ്രതികരിക്കാന്‍ കഴിയാത്ത വിധം ശരീരം തളര്‍ന്നിരുന്നു
അച്ഛനായത് ഒരാഴ്ച മുന്‍പ്
കാര്‍ത്തിക് ഒരുവര്‍ഷം മുന്‍പാണ് വിവാഹിതനായത്. 8 ദിവസം മുന്‍പ് ഇയാളുടെ ഭാര്യ കുഞ്ഞിന് ജന്‍മം നല്‍കുകയും ചെയ്തു. പ്രസവാനന്തര ചടങ്ങുകള്‍ക്കായി ഭാര്യവീട്ടിലേക്കു പോകാനിരിക്കെയാണ് സുഹൃത്തുക്കളുമൊത്ത് ഇത്തരത്തില്‍ വാതുവച്ച് മദ്യപിച്ചത്. കുടുംബത്തിന്‍റെ പരാതിയില്‍ സുബ്രണി, വെങ്കിട്ട റെഡ്ഡി എന്നിവരെ അറസ്റ്റ് ചെയ്തു. നാലുപേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണന്ന് കോലാര്‍ നഗളി പൊലീസ് അറിയിച്ചു.