സമൂഹമാധ്യമങ്ങളില്‍ പലവിധത്തിലാണ് ആളുകള്‍ വൈറലാകുന്നത്. വൈറലാകാന്‍ കരുതിക്കൂട്ടി ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്നവരും, അറിയാതെ വൈറലാകുന്നവരും അക്കൂട്ടത്തില്‍പ്പെടും. അത്തരത്തില്‍ വൈറലാകാന്‍ കൊതിച്ചൊരു യുവാവ് ഡല്‍ഹി പൊലീസിന്‍റെ പിടിയിലായതാണ് സോഷ്യല്‍ ലോകത്തെ പ്രധാന ചര്‍ച്ച. ഡല്‍ഹി സ്വദേശിയായ ആകാശ് കുമാറെന്ന 25കാരനാണ് പൊതുവിടത്തില്‍ അപമര്യാദയായി പെരുമാറുകയും ശല്യമുണ്ടാക്കുകയും ചെയ്തുവെന്ന പരാതിയില്‍ അറസ്റ്റിലായിരിക്കുന്നത്.
മാര്‍ച്ച് 23നായിരുന്നു സംഭവം. ഡല്‍ഹി മെട്രോയുടെ പിങ്ക് ലൈനില്‍ മൗജ്പുറിലേക്ക് പോകുന്ന മെട്രോയിലിരുന്നാണ് ആകാശ് വൈറലാന്‍ ശ്രമിച്ചത്. മെട്രോയ്ക്കുള്ളില്‍ ആകാശിരുന്ന് ഒരു കുപ്പിയില്‍ നിന്നും മദ്യത്തിന് സമാനമായ ദ്രാവകം കുടിക്കുന്നതും തോട് പൊളിച്ച മുട്ട കഴിക്കുന്നതും വിഡിയോയില്‍ കാണാം. മെട്രോയ്ക്കുള്ളിലിരുന്ന് 'മദ്യപിക്കുന്നത്' ശ്രദ്ധയില്‍െപട്ടതോടെ കാകര്‍ദൂമയിലെ സീനിയര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ പൊലീസില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബുരാരിയില്‍ നിന്നും പൊലീസ് ആകാശിനെ പിടികൂടി.
ചോദ്യം ചെയ്യലിനിടെ യുവാവ് വൈറലാകാന്‍ റീല്‍സെടുത്തതാണെന്ന് പൊലീസിന് മൊഴി നല്‍കി. ഈ വിഡിയോയും പൊലീസ് കണ്ടെടുത്തു. കുപ്പിയിലുണ്ടായിരുന്നത് ശീതള പാനീയമായിരുന്നുവെന്നും മദ്യമല്ലായിരുന്നുമെന്നുമാണ് യുവാവിന്‍റെ വിശദീകരണം. വൈറലാകാന്‍ വേണ്ടിയാണ് താന്‍ ഇങ്ങനെ ചെയ്തതെന്നും യുവാവ് സമ്മതിച്ചു. ഡല്‍ഹി പൊലീസ് സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.