പിതാവിന്റെ മരണത്തിനു പിന്നാലെ, ഭാര്യയും പെണ്‍മക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഭോപ്പാലിലാണ് കഴിഞ്ഞ ദിവസം പിതാവിനെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. എന്നാല്‍ മരണത്തിനു പിന്നാലെ മര്‍ദനദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കുടുംബത്തിനു നേരെ ചോദ്യങ്ങള്‍ ഉയരുകയാണ്. തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ഹരേന്ദ്ര മൗര്യയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ.
ഇലക്ട്രീഷ്യനായ ഹരേന്ദ്രയ്ക്ക് മൂന്നു പെണ്‍മക്കളും ഒരാണ്‍കുട്ടിയുമടക്കം നാലുമക്കളാണുള്ളത്. എപ്പോഴും ഭാര്യയുമായി വഴക്കിടുന്ന സ്വഭാവക്കാരനായിരുന്നു ഹരേന്ദ്രയെന്ന് അയല്‍ക്കാരും പൊലീസിനോട് വെളിപ്പെടുത്തി. മാര്‍ച്ച് 1ന് പെണ്‍മക്കളുടെ വിവാഹമായിരുന്നു, ചടങ്ങ് കഴിഞ്ഞ ശേഷം താന്‍ ഇനി ഹരേന്ദ്രയുടെ കൂടെ താമസിക്കുന്നില്ലെന്ന് ഭാര്യ പറഞ്ഞു, ഇതോടെ ഒരു മുറിയില്‍ കയറി കതകടച്ച ഹരേന്ദ്രയെ ഏറെനേരമായിട്ടും പുറത്തേക്ക് കാണാതായതോടെയാണ് കുടുംബം കതക് ബലമായി തള്ളിത്തുറന്നത്. മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ഹരേന്ദ്രയെ കണ്ടെത്തിയതെന്ന് കുടുംബം പറയുന്നു.
ഭാര്യയില്‍ നിന്നും പെണ്‍മക്കളില്‍ നിന്നും നേരിട്ട ക്രൂരത സഹിക്കാനാവാതെയാണ് ഹരേന്ദ്ര ജീവനൊടുക്കിയതെന്ന് അയല്‍ക്കാര്‍ പറയുന്നു. ഇതിനിടെയാണ് ക്രൂരത വെളിവാക്കുന്ന വിഡിയോ കൂടി പുറത്തുവരുന്നത്. ഭാര്യ ഹരേന്ദ്രയുടെ കാലുകള്‍ മുറുകെപ്പിടിച്ചിരിക്കുന്നതും പെണ്‍മക്കള്‍ ചേര്‍ന്ന് മര്‍ദിക്കുന്നതുമാണ് വിഡിയോയിലുള്ളത്. വേദനകൊണ്ട് ഇയാള്‍ നിലവിളിച്ചപ്പോള്‍ തടയാനെത്തിയ മകനെ ഇവര്‍ ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്.
ഫെബ്രുവരി 1ന് റെക്കോര്‍ഡ് ചെയ്ത വിഡിയോ ആണിപ്പോള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു, വിഡിയോ ഉള്‍പ്പെടെ പരിശോധിച്ചാകും അന്വേഷണമെന്ന് സീനിയര്‍ പൊലീസ് ഓഫീസര്‍ ദിപാലി ചന്ദോരിയ അറിയിച്ചു.