AI നിര്‍മ്മിത പ്രതീകാത്മക ചിത്രം

മാതാപിതാക്കള്‍ ഫീസടയ്ക്കാന്‍ വൈകിയതിന്‍റെ പേരില്‍ അഞ്ചുവയസുകാരനെ നാല് മണിക്കൂര്‍ സ്കൂള്‍ അധികൃതര്‍ തടവിലാക്കിയെന്ന് പരാതി. നവിമുംബൈയിലെ ഓര്‍ക്കിഡ് ഇന്‍റര്‍നാഷനല്‍ സ്കൂളിലാണ് സംഭവം. സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആയിരം രൂപയാണ് കുട്ടി ഫീസിനത്തില്‍ സ്കൂളില്‍ നല്‍കാനുണ്ടായിരുന്നത്. 

സ്കൂള്‍ പ്രിന്‍സിപ്പല്‍ വൈശാലി സൊളാനി, കോ–ഓര്‍ഡിനേറ്റര്‍ ദീപ്തി എന്നിവര്‍ക്കെതിരെ ജുവൈനല്‍ ജസ്റ്റിസ് ആക്ടിലെ 75–ാം വകുപ്പ് അനുസരിച്ച് പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് കേസ്. മനുഷ്യത്വരഹിതമായി പെരുമാറിയ പ്രിന്‍സിപ്പലിനെ പുറത്താക്കുമെന്നാണ് സ്കൂള്‍ അധികൃതര്‍ ആദ്യം പറഞ്ഞിരുന്നതെങ്കിലും ഇത് പാലിക്കപ്പെട്ടില്ലെന്നും കുട്ടിയുടെ പിതാവ് പറയുന്നു. 

ജനുവരി 28നാണ് സംഭവമുണ്ടായതെന്ന് കുട്ടിയുടെ പിതാവിന്‍റെ പരാതിയില്‍ പറയുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മകനെ വിളിക്കാനായി താന്‍ സ്കൂളിലെത്തിയെന്നും മറ്റ് കുട്ടികളെല്ലാവരും ഇറങ്ങി വന്നിട്ടും മകനെ കാണാതെയായതോടെ അന്വേഷിച്ച് ക്ലാസിലെത്തിയുന്നും പരാതിയില്‍ പറയുന്നു. ക്ലാസ് ടീച്ചറോട് ചോദിച്ചപ്പോള്‍ മാനെജ്മെന്‍റിനെ സമീപിക്കാനായിരുന്നു മറുപടി. താന്‍ പ്രിന്‍സിപ്പലിന്‍റെ മുറിയില്‍ എത്തിയപ്പോള്‍ ഫീസ് അടയ്ക്കാന്‍ വൈകിയ മറ്റൊരു കുട്ടിയ്ക്കൊപ്പം മകനെയും സ്കൂള്‍ അധികൃതര്‍ പിടിച്ചുവച്ചിരിക്കുന്ന കാഴ്ചയാണ് കണ്ടതെന്നും പിതാവ് വിവരിക്കുന്നു. 

മകനെ കണ്ട നിമിഷം തന്നെ ആയിരം രൂപ അടച്ച് ഒരു മണിയോടെ മകനുമായി വീട്ടിലേക്ക് മടങ്ങിയെന്നാണ് പിതാവ് പറയുന്നത്. സ്കൂളിലെ അന്നത്തെ ദിവസത്തെ സിസിടിവി ദൃശ്യം ആവശ്യപ്പെട്ടെങ്കിലും ഇ–മെയില്‍ അപേക്ഷ നല്‍കണമെന്ന് മാനെജ്മെന്‍റ് മറുപടി നല്‍കി. ഫുട്ടേജ് നല്‍കാന്‍ മാനെജ്മെന്‍റ് വിസമ്മതിച്ചതോടെ സ്ഥലം എംഎല്‍എയുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. 

സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചതോടെ രാവിലെ എട്ടര മുതല്‍ പന്ത്രണ്ടര വരെ തന്‍റെ മകനെയും മറ്റൊരു കുട്ടിയെയും മറ്റൊരു മുറിയിലാക്കി സൂക്ഷിച്ചിരുന്നതായി തെളിഞ്ഞുവെന്നും തുടര്‍ന്ന് സ്കൂളിന്‍റെ സോണല്‍ ഹെഡായ ശ്രേയ ഷാ ഇടപെട്ട് നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയെന്നും കുടുംബം വിശദീകരിച്ചു. പക്ഷേ നടപടി സ്വീകരിക്കാതെ വന്നതോടെ കുടുംബം പൊലീസിലും വിദ്യാഭ്യാസ വകുപ്പിലും അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുകയായിരുന്നു. 

ENGLISH SUMMARY:

A 5-year-old student at Orchid International School in Navi Mumbai was allegedly detained for four hours over a pending fee of Rs 1,000. A case has been filed against the principal and coordinator, with complaints lodged with authorities.