ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിച്ച എഐഡിഎംകെ നേതാവിനെ കൈകാര്യം ചെയ്ത് പൊലീസിന് കൈമാറി സ്ത്രീകള്‍. കാഞ്ചീപുരം ജില്ലയിലെ മണിമംഗലത്ത് നിന്നുള്ള നേതാവായ പൊന്നമ്പലത്തിനെയാണ് സ്ത്രീകള്‍ ചൂലും ചെരുപ്പും കൊണ്ട് പൊതിരെ തല്ലി വിഡിയോ ചിത്രീകരിച്ച ശേഷം പൊലീസിന് കൈമാറിയത്.
എംജിആര്‍ അസോസിയേഷന്‍റെ കുണ്ട്രത്തൂര്‍–വെസ്റ്റ് യൂണിയന്‍ ജോയിന്‍റ് സെക്രട്ടറിയായ പൊന്നമ്പലം വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സ്ത്രീകളോടാണ് മോശമായി പെരുമാറിയത്. പ്രമുഖ കമ്പനിയുടെ നിര്‍മാണശാലയില്‍ ജോലി ചെയ്തിരുന്ന സ്ത്രീകള്‍ 20 ദിവസം മുന്‍പ് പൊന്നമ്പലത്തിന്‍റെ ഉടമസ്ഥതയിലുള്ള വീടുവിട്ട് മറ്റൊരു വീട്ടിലേക്ക് താമസം മാറുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഇവരെ ഫോണില്‍ വിളിച്ച പൊന്നമ്പലം വീട്ടിലേക്ക് എത്തിയാല്‍ അഡ്വാന്‍സായി നല്‍കിയിരുന്ന പണം തിരികെ നല്‍കാമെന്ന് പറഞ്ഞു. സ്ത്രീകള്‍ ഇതനുസരിച്ച് പണം വാങ്ങുന്നതിനായി വീട്ടിലെത്തി. വീട്ടിലെത്തിയ സ്ത്രീകളെ അകത്തേക്ക് വിളിച്ചു കയറ്റിയ പൊന്നമ്പലം വാതില്‍ പെട്ടെന്ന് അടയ്ക്കുകയും സ്ത്രീകളിലൊരാളെ കയറിപ്പിടിക്കാനും ശ്രമിച്ചു. ഇതോടെ ചൂലും ചെരുപ്പും ഉള്‍പ്പെടെ കയ്യില്‍ കിട്ടിയതെല്ലാമെടുത്ത് നാലുപേരും ചേര്‍ന്ന് പൊന്നമ്പലത്തെ തല്ലി ഇഞ്ചപ്പരുവമാക്കി. പൊന്നമ്പലത്തെ അടിക്കുന്നതിന്‍റെ വിഡിയോ കൂട്ടത്തിലൊരാള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. പിന്നാലെ പൊലീസിലും വിവരമറിയിച്ചു.
അടികൊണ്ടവശനായ പൊന്നമ്പലം സ്ത്രീകളെ അസഭ്യം പറഞ്ഞ് മുറിയില്‍ നിന്നിറങ്ങിയോടാന്‍ ശ്രമിച്ചെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊലീസെത്തുവോളം സ്ത്രീകള്‍ മുറിയുടെ വാതില്‍ പൂട്ടിയിട്ടു. പൊന്നമ്പലത്തിനെതിരെ പൊലീസ് കേസെടുത്തു. ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി അറിയിച്ചു.