up-mosque-demolished

ഉത്തർപ്രദേശിലെ ഫത്തേപുരിൽ 185 വർഷം പഴക്കമുള്ള മുസ്‌ലിം പള്ളിയുടെ ഒരു ഭാഗം പൊളിച്ച് സര്‍ക്കാര്‍. ബന്ദ-ബഹ്‌റൈച്ച് ഹൈവേയുടെ ഭാഗം കയ്യേറിയാണ് കെട്ടിടം സ്ഥിതിചെയ്യുന്നത് എന്ന അവകാശപ്പെട്ടാണ് നടപടി. യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ‌ ‘ബുൾഡോസർ രാജ്’ അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് ഫത്തേപൂർ ജില്ലയിൽ നിന്നുള്ള സംഭവം. 

പള്ളിയുടെ പൊളിച്ച ഭാഗം നിയമവിരുദ്ധമായി കഴിഞ്ഞ രണ്ട്-മൂന്ന് വർഷത്തിനുള്ളില്‍ നിര്‍മിച്ചതാണെന്നാണ് ജില്ലാ ഭരണകൂടം അവകാശപ്പെടുന്നത്. ആഗസ്റ്റ് 17ന് പള്ളിയുടെ ചില ഭാഗങ്ങൾ നീക്കം ചെയ്യാൻ നോട്ടീസ് നൽകിയതായി പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) പറയുന്നു. എന്നാല്‍ നോട്ടീസിനെതിരെ മസ്‌ജിദ്‌ കമ്മിറ്റി നൽകിയ ഹർജി അലഹബാദ്‌ ഹൈക്കോടതി 13ന്‌ പരിഗണിക്കാനിരിക്കെയാണ്‌ നടപടി. അതേസമയം പിഡബ്ല്യുഡിയുടെ അവകാശവാദത്തെ നൂരി മസ്ജിദ് മാനേജ്‌മെന്‍റ് തള്ളുകയാണ്. ലാലൗലിയിലെ നൂരി മസ്ജിദ് 1839-ൽ നിർമ്മിച്ചതാണ്, റോഡ് നിര്‍മിച്ചത് 1956ലും. എന്നിട്ടും പള്ളിയുടെ ചില ഭാഗങ്ങൾ നിയമവിരുദ്ധമാണെന്ന് വാദിക്കുന്നുവെന്ന് മാനേജ്മെന്‍റ് പറയുന്നു.

ബന്ദ-ബഹ്‌റൈച്ച് ഹൈവേ 13 ന്‍റെ വീതികൂട്ടലിന് തടസ്സമായ നൂറി മസ്ജിദിന്‍റെ 20 മീറ്ററോളം ഭാഗം ചൊവ്വാഴ്ച ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റിയെന്നാണ് ലലൗലി പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് ഇൻസ്പെക്ടർ വൃന്ദാവൻ റായ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞത്. കയ്യേറ്റ ഭാഗം മാത്രമാണ് നീക്കം ചെയ്തതെന്നും കൈയേറ്റങ്ങളും മറ്റ് അനധികൃത നിർമ്മാണങ്ങളും നീക്കം ചെയ്യുന്നതിനായി മസ്ജിദ് മാനേജ്‌മെന്‍റ് ഉൾപ്പെടെ 139 സ്ഥാപനങ്ങൾക്ക് ഓഗസ്റ്റിൽ നോട്ടിസ് നൽകിയതായി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അവിനാശ് ത്രിപാഠി പറയുന്നു. സ്ഥലത്ത് ക്രമസമാധാനപാലനത്തിനായി പൊലീസിനെയും ദ്രുതകർമ സേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്.

ENGLISH SUMMARY:

A 185-year-old Muslim mosque in Uttar Pradesh's Fatehpur district was partially demolished by authorities, claiming it encroached on land required for the Banda-Bahraich Highway. The incident comes shortly after the Supreme Court criticized the "bulldozer raj" policies prevalent in some states, including Uttar Pradesh, emphasizing the need for lawful procedures.