Fishermen shift their boats in preparations for Cyclone Dana, in Puri
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദം നാളെ രാവിലെ ചുഴലിക്കാറ്റായി മാറും. ഡാന ചുഴലിക്കാറ്റ് മറ്റന്നാള്‍ പുലര്‍ച്ചെ മൂന്നുമണിയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാറ്റിന്‍റെ പരമാവധി വേഗം മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെയെത്താം. തീവ്രന്യൂനമര്‍ദം ഇപ്പോള്‍ ശക്തി വര്‍ധിച്ച് വടക്കുപടിഞ്ഞാറേക്ക് നീങ്ങുകയാണ്. 24ന് രാത്രി ഒഡിഷയിലെ പുരിക്കും ബംഗാളിലെ സാഗര്‍ ദ്വീപിനുമിടയിലൂടെ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കുമെന്നാണ് നിഗമനം.
ഡാന ചുഴലിക്കാറ്റിന്‍റെ പ്രഹരശേഷി കണക്കിലെടുത്ത് ഒഡിഷയില്‍ വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ട്. ചുഴലിക്കാറ്റിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള 800 ഷെല്‍റ്ററുകളും 500 സാധാരണ ഷെല്‍റ്ററുകളും തയാറാക്കി. അപകടസാധ്യതാമേഖലകളില്‍ നിന്ന് ആളുകളെ ഷെല്‍റ്ററുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. മരുന്നുകളും ഭക്ഷണവും കുടിവെള്ളവും മറ്റ് അവശ്യവസ്തുക്കളും ഷെല്‍റ്ററുകളില്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് റവന്യൂമന്ത്രി സുരേഷ് പൂജാരി അറിയിച്ചു. ചുഴലിക്കാറ്റുകാരണം ഒരാള്‍ക്കുപോലും ജീവഹാനി ഉണ്ടാകരുതെന്ന നയത്തിന്‍റെ അടിസ്ഥാനത്തിലാണ് മുന്നൊരുക്കം. Also Read : യാഗി ചുഴലിക്കാറ്റിന്‍റെ നടുക്കുന്ന ദൃശ്യങ്ങള്‍
പലയിടങ്ങളിലും മല്‍സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ വീട് വിട്ടുപോകാന്‍ മടിക്കുന്നുണ്ട്. മോഷണസാധ്യത ഭയന്നാണിത്. ഈ മേഖലകളില്‍ പൊലീസിന്‍റെ സാന്നിധ്യവും പട്രോളിങ്ങും വര്‍ധിപ്പിച്ചുകൊണ്ട് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനാണ് ജില്ലാ ഭരണകൂടങ്ങളുടെ ശ്രമം. ഒഡിഷ ദുരന്തനിവാരണ സേനയ്ക്കും അഗ്നിരക്ഷാസേനയ്ക്കും പുറമേ ദേശീയ ദുരന്തനിവാരണ സേനയുടെ 11 യൂണിറ്റുകളെക്കൂടി സംസ്ഥാനത്ത് വിന്യസിച്ചു. പുരിയില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ വിനോദസഞ്ചാരികള്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ 14 ജില്ലകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. 9 ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു.
Fishing community people prepare to leave the coast in preparations for Cyclone Dana, in Puri
ചുഴലിക്കാറ്റിനോടനുബന്ധിച്ച് ഒഡിഷയിലും സമീപസംസ്ഥാനങ്ങളിലും അതിതീവ്രമഴയ്ക്കും സാധ്യതയുണ്ട്. പുരി, ഗന്‍ജാം, ഖോര്‍ദിയ, നയാഗഡ്, കിയോന്‍ജര്‍, അന്‍ഗുല്‍, ധെന്‍കനാല്‍, ഭദ്രക്, ബാലാസോര്‍, മയൂര്‍ഭഞ്ജ് ജില്ലകളിലാണ് 24, 25 തീയതികളില്‍ അതിശക്തമായ മഴ പ്രവചിച്ചിട്ടുള്ളത്. സമീപജില്ലകളിലും ഓറഞ്ച് അലര്‍ട്ടുണ്ട്. മിന്നല്‍ പ്രളയം, വെള്ളക്കെട്ട്, മണ്ണിടിച്ചില്‍, മലയിടിച്ചില്‍, റോഡുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശം തുടങ്ങിയവയ്ക്കും സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ബംഗാളിലും ബംഗ്ലദേശിലും ചുഴലിക്കാറ്റ് മുന്നില്‍ക്കണ്ടുള്ള തയാറെടുപ്പുകള്‍ നടത്തുന്നുണ്ട്.
ഡാന ചുഴലിക്കാറ്റിന്‍റെ ഗതിയെക്കുറിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം