മദ്യപാനം ആരോഗ്യത്തിന് ഹാനികരം

മദ്യപാനം ആരോഗ്യത്തിന് ഹാനികരം

കുടിയന്‍മാരെ കുപ്പീലാക്കാന്‍ മദ്യനയം പരിഷ്കരിച്ച് ആന്ധ്ര പ്രദേശ് സര്‍ക്കാര്‍. 99 രൂപയ്ക്ക് മദ്യം ലഭ്യമാക്കുമെന്നതാണ് പുതിയ മദ്യനയത്തിലെ ഏറ്റവും 'ആകര്‍ഷണീയ'മായ പ്രഖ്യാപനം. ഒക്ടോബര്‍ 12 മുതല്‍ 99 രൂപയുടെ മദ്യം ആന്ധ്രയില്‍ ലഭ്യമാകും. കുടിയന്‍മാരിലെ 'ബിപിഎല്ലു'കാര്‍ക്ക് പോലും മദ്യ ലഭ്യത ഉറപ്പാക്കുന്നതാണ് ഈ തീരുമാനമെന്നാണ് സമൂഹമാധ്യമങ്ങളുടെ വിലയിരുത്തല്‍. 99 രൂപയെന്ന തുച്ഛമായ നിരക്കില്‍ ഗുണനിലവാരമുള്ള മദ്യം ലഭ്യമാക്കുന്നതോടെ വ്യാജമദ്യത്തിന് തടയിടാന്‍ കഴിയുമെന്ന പ്രതീക്ഷയും സര്‍ക്കാരിനുണ്ട്. 

liquor

ഇന്നലെയാണ് ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചത്. ഹരിയാനയിലേത് പോലെ സ്വകാര്യ വിതരണക്കാര്‍ക്ക് മദ്യവില്‍പ്പനയ്ക്ക് അനുമതി നല്‍കുന്നതാണ് തീരുമാനം. ഇതിലൂടെ 5500 കോടി രൂപയുടെ നികുതി വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി മദ്യവില്‍പ്പനയിലുണ്ടായ മാന്ദ്യം പരിഹരിക്കുകയാണ് ലക്ഷ്യമെന്നും സര്‍ക്കാരിനോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. രണ്ട് വര്‍ഷത്തേക്കാണ് പുതിയ മദ്യനയത്തിന്‍റെ കാലാവധി. പുതിയ മദ്യനയം വരുന്നതോടെ സംസ്ഥാനത്തെ 3736 മദ്യഷോപ്പുകള്‍ സ്വകാര്യവല്‍ക്കരിക്കപ്പെടും.

മദ്യവില്‍പ്പനയ്ക്കുള്ള ലൈസന്‍സ് ഓണ്‍ലൈന്‍ നറുക്കെടുപ്പിലൂടെയാകും നിശ്ചയിക്കുക. 50 ലക്ഷം മുതല്‍ 85 ലക്ഷം വരെ ഫീസ് നിശ്ചയിച്ച നാല് ലൈസന്‍സ് കാറ്റഗറികളും ഉണ്ടാകും. മദ്യവില്‍പനയുടെ 20 ശതമാനം ലാഭം കടയുടമകള്‍ക്ക് ലഭിക്കം. അഞ്ച് വര്‍ഷത്തേക്ക് ഒരു കോടി രൂപ ലൈസന്‍സ് ഫീസ് ഈടാക്കി 12 പ്രീമിയം മദ്യവില്‍പ്പന ശാലകള്‍ തുറക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. വിജയവാഡ, വിശാഖപട്ടണം, രാജാമഹേന്ദ്രവാരം, കാകിനട, ഗുണ്ടൂര്‍, നെല്ലോര്‍, കര്‍ണൂല്‍, കഡപ്പ, അനന്തപുര്‍ എന്നീ നഗരങ്ങള്‍ക്കാണ് പ്രീമിയം ഔട്ട്ലറ്റുകള്‍ ആരംഭിക്കുന്നതില്‍ മുന്‍ഗണന.  പ്രീമിയം സ്റ്റോറുകള്‍ക്ക് മിനിമം 4000 ചതുരശ്രയടി വിസ്തീര്‍ണമാണ് നിഷ്കര്‍ഷിച്ചിട്ടുള്ളത്. 

alcohol-legal-age

മാതൃകാ മദ്യഷാപ്പുകള്‍!

മാതൃക മദ്യഷാപ്പുകളാണ് ചന്ദ്രബാബു നായിഡു സര്‍ക്കാരിന്‍റെ ലക്ഷ്യം. ഐസ് ബക്കറ്റുകള്‍, ഐസ് കുത്തിയെടുക്കാനുള്ള ടോങുകള്‍, വൈന്‍ കോര്‍ക്ക് നീക്കുന്നതിനുള്ള സ്ക്രൂ, ഐസ് ട്രേ, ഗ്ലാസുകള്‍, വൈന്‍ ഗ്ലാസുകള്‍ തുടങ്ങിയവ മദ്യത്തിന് പുറമെ മാതൃകാ മദ്യഷാപ്പുകളിലുണ്ടാകും.

Alcohol-drink

കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് പകുതിയായാണ് ആന്ധ്രയിലെ മദ്യവില്‍പ്പന കുറഞ്ഞത്. മദ്യത്തിന്‍റെ വില വര്‍ധിച്ചതും പ്രാദേശികതലത്തില്‍ 'വാറ്റ്' സജീവമായതുമാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുതിയ മദ്യനയത്തില്‍ ആന്ധ്രയില്‍ പുതിയ ബ്രൂവറികള്‍ സ്ഥാപിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. 300 മുതല്‍ 500 കോടി വരെ ഓരോ ബ്രൂവറിയും സ്ഥാപിക്കാന്‍ ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍.  

ENGLISH SUMMARY:

The Andhra Pradesh government on Tuesday notified a new liquor policy. The state government has decided to sell alcohol at 99 rupees, aiming to curb the demand for illicit alcohol.