പ്രശസ്ത വിനോദസഞ്ചാര കേന്ദ്രവും ചരിത്ര സ്മാരകവുമായ താജ് മഹലിനുള്ളില്‍ ജലാഭിഷേകത്തിന് ശ്രമം നടത്തുകയും കാവിക്കൊടി വീശുകയും ചെയ്ത യുവതി പിടിയില്‍. തീവ്ര വലതുപക്ഷ സംഘടനയായ അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ ഭാഗമായ മീരാ റാത്തോഡിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. താജ് മഹല്‍ യഥാർത്ഥത്തിൽ തേജോമഹാലയ എന്ന ശിവക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ടുകാണ്ടായിരുന്നു യുവതിയുടെ പ്രവൃത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ ചോദ്യം ചെയ്തുവരികയാണെന്നും യുവതി വെള്ളം തളിക്കുന്ന വിഡിയോ പകർത്തിയ ആളെ തിരിച്ചറിയാനും ശ്രമം നടക്കുന്നുണ്ടെന്നും സിഐഎസ്എഫ് പറഞ്ഞു. യുവതിയെ പൊലീസിന് കൈമാറുകയും ചെയ്യും.
ഒരുമാസത്തിനിടെ ഇത് മൂന്നാംതവണയാണ് താജ് മഹലില്‍ ഇത്തരമൊരു ശ്രമം അരങ്ങേറുന്നത്. കഴിഞ്ഞ ശനിയാഴ്ച ഹിന്ദു ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് താജ് മഹലിനുള്ളിലും പരിസര പ്രദേശങ്ങളും ഗംഗാ ജലം തളിച്ച സംഭവത്തില്‍ യുവാക്കള്‍ അറസ്റ്റിലായിരുന്നു. ആഗ്ര പൊലീസാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഇരുവരും തങ്ങളുടെ അംഗങ്ങളാണെന്ന് അവകാശപ്പെട്ട് പ്രാദേശിക തീവ്ര ഹിന്ദു വലതുപക്ഷ സംഘടനയും രംഗത്തെത്തിയിരുന്നു. താജ് മഹലിന് ഉള്ളില്‍ കടന്ന യുവാക്കള്‍ ഉള്ളിലും പരിസര പ്രദേശങ്ങളിലും കയ്യിലുണ്ടായിരുന്ന വെള്ളം തളിക്കുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച (ജൂലൈ 29) ഒരു കന്‍വര്‍ തീര്‍ഥാടകയും താജ്മഹലില്‍ ഗംഗാജലം സമര്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നു. ശിവൻ തന്‍റെ സ്വപ്നത്തിൽ വന്ന് അങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടു എന്ന് അവകാശപ്പെട്ടാണ് തീര്‍ഥാടക താജ് മഹലില്‍ എത്തിയത്. എന്നാല്‍ അധികൃതര്‍ യുവതിയെ തടയുകയായിരുന്നു. ഇവരെ താജ്മഹലിന്‍റെ പടിഞ്ഞാറേ ഗേറ്റിലാണ് തടഞ്ഞുവെന്നും സ്മാരകത്തിലേക്ക് കടക്കാൻ അനുവദിച്ചില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.