Image: facebook/ /tenzing norbu lamtha.
സിക്കിമിൽ പ്രതിപക്ഷമായ സിക്കിം ഡെമോക്രാറ്റിക്ക് ഫ്രണ്ടിന്റെ ഏക എംഎൽഎ ടെൻസിങ് നോർബു ലാംത ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ച (എസ്കെഎം) യിൽ ചേർന്നു. സ്യാരി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ തങ്ങളോടൊപ്പം ചേർന്നതായി മുഖ്യമന്ത്രി പ്രേം സിങ് തമാങ് പറഞ്ഞു. ഇതോടെ തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരു മാസത്തിനുള്ളിൽ സിക്കിമിൽ പ്രതിപക്ഷമില്ലാതായി. 32 അംഗ സഭയിൽ 31 സീറ്റിലാണ് സിക്കിം ക്രാന്തികാരി മോർച്ച വിജയിച്ചത്. സ്യാരി മണ്ഡലത്തിൽ നിന്നും വിജയിച്ച ലാംത മുതിർന്ന എസ്കെഎം നേതാവും നിലവിലെ വിദ്യാഭ്യാസ മന്ത്രിയുമായ കുൻഗ നിമ ലാപ്ചയെയാണ് തോൽപ്പിച്ചത്.
ജൂൺ 2 ന് ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ ലാംത പാർട്ടി മാറിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. നാടിന്റെ മാനസികാവസ്ഥ ഭരണകക്ഷിക്കൊപ്പമാണെന്നും മണ്ഡലത്തിലെ ജനങ്ങളാണ് എസ്കെഎമ്മിൽ ചേരാൻ നിർദ്ദേശിച്ചതെന്ന് ലാംത പറഞ്ഞു. സിക്കം നിയമസഭയിലോ പുറത്തോ സിക്കിം ക്രാന്തികാരി മോർച്ചയ്ക്ക് എതിരെ പ്രതിപക്ഷത്തിന്റെ ആവശ്യമില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്നും ലാംബ വ്യക്തമാക്കി. മണ്ഡലത്തിന്റെ വികസനവുമായി ബന്ധപ്പെട്ട ആശങ്ക ലംത ഉന്നയിച്ചിരുന്നെന്നും സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഇവ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി തമാഗും പറഞ്ഞു.
ടെൻസിങ് നോർബു ലാംതയുടെ പാർട്ടി മാറ്റത്തോടെ നിയമസഭയിൽ മുഴുവൻ എംഎൽഎമാരും സിക്കിം ക്രാന്തികാരി മോർച്ചയിൽ നിന്നുള്ളവരാണ്. 32 അംഗ നിയമസഭയിൽ 30 അംഗങ്ങളാണ് നിലവിലുള്ളത്. സോറെങ്-ചകുങ് മണ്ഡലത്തിൽ നിന്ന് മുഖ്യമന്ത്രി തമാംഗും നാംചി-സിംഗിതാങ് സീറ്റിൽ നിന്ന് ഭാര്യ കൃഷ്ണ കുമാരി റായിയും രാജിവച്ചതിനെ തുടർന്ന് രണ്ട് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. രണ്ട് മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട തമാങ്, റെനോക്ക് തിരഞ്ഞെടുക്കുകയായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്ന സിക്കിം നിയമസഭാ തിരഞ്ഞെടുപ്പിൽ സിക്കിം ക്രാന്തികാരി മോർച്ച ഭരണം നിലനിർത്തുകയായിരുന്നു. 32 ൽ 31 ലും എസ്കെഎം വിജയിച്ചിരുന്നു. പ്രതിപക്ഷ നേതാവും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് നേതാവുമായ പവൻ കുമാർ ചാംലിംഗ് മത്സരിച്ച രണ്ട് സീറ്റിലും തോറ്റിരുന്നു.