Screengrab (Left- x.com/IndiaToday/)
കടയില്‍ മുടി വെട്ടാനും ഫേഷ്യല്‍ ചെയ്യാനുമായി എത്തിയ ആളുടെ മുഖത്ത് സ്വന്തം തുപ്പല്‍ കൊണ്ട് മസാജ് ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് സംഭവം. രണ്ട് കൈകളിലേക്കും തുപ്പല്‍ എടുത്ത ശേഷം കസേരയില്‍ ഇരിക്കുന്ന കസ്റ്റമറുടെ മുഖത്ത് സയീദ് എന്ന യുവാവ് പുരട്ടുകയായിരുന്നു.
മുടിവെട്ടുന്നതിനായാണ് പരാതിക്കാരന്‍ സയീദിന്‍റെ സലൂണിലെത്തിയത്. മുടിയും താടിയും വെട്ടിയിതിന് പിന്നാലെ സയീദ് ജെല്ലിട്ട് മുടി സെറ്റ് ചെയ്യുന്നുവെന്ന രീതിയില്‍ മസാജിങ് ആരംഭിച്ചു. മുഖത്ത് മസാജ് ചെയ്യുന്നത് എങ്ങനെയാണെന്ന് ആദ്യം ഉപഭോക്താവ് ശ്രദ്ധിച്ചില്ല. എന്നാല്‍ എന്തോ വല്ലായ്മ തോന്നിയതിനെ തുടര്‍ന്ന് സിസിടി പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിപ്പോയ ഇയാള്‍ പൊലീസിനെ സമീപിച്ചതോടെയാണ് ഹെയര്‍ സ്റ്റൈലിസ്റ്റിനെതിരെ പൊലീസ് കേസെടുത്തത്. സലൂണിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. സലൂണ്‍ തല്‍ക്കാലത്തേക്ക് അടച്ചിട്ടുണ്ടെന്നും അങ്ങേയറ്റം വൃത്തിഹീനമായ ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും പൊലീസ് വ്യക്തമാക്കി. വൃത്തിഹീനമായ അന്തരീക്ഷവും പെരുമാറ്റവും അനുവദിക്കില്ലെന്നും ബന്ധപ്പെട്ട അധികൃതരുടെ സഹായത്തോടെ മേല്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.