ചിത്രം; x.com/udaysodhi26
ബൈക്കിലെ അഭ്യാസ പ്രകടനം സമൂഹമാധ്യമത്തിലിട്ട് വൈറലാക്കിയതിന് പിന്നാലെ യുവാവിനെ പൊക്കി പൊലീസ്. ഉത്തര്‍പ്രദേശിലെ കാണ്‍പുറിലാണ് സംഭവം. അപകടമുണ്ടാക്കുന്ന രീതിയില്‍ ബൈക്ക് ഓടിക്കുകയും 'ടൈറ്റാനിക്' സിനിമയിലെ പ്രശസ്തമായ ദൃശ്യത്തിന് സമാനമായി എഴുന്നേറ്റ് നിന്ന് അഭ്യാസ പ്രകടനം നടത്തുകയും ചെയത സംഭവത്തിലാണ് കേസ്.
വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. നഗരത്തിലെ ഗംഗ ബാരേജിന് സമീപമായിരുന്നു റീല്‍സ് ഷൂട്ട് ചെയ്തത്. കേസെടുത്ത പൊലീസ്, മോട്ടോര്‍ വാഹന നിയമം അനുസരിച്ച് 12,000 രൂപ പിഴ ചുമത്തി. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കും വിധം വാഹനമോടിച്ചതിനും യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. ഉന്നാവ് റജിസ്ട്രേഷനിലുള്ളതാണ് വാഹനമെന്നും പൊലീസ് തിരിച്ചറിഞ്ഞു.
വിഡിയോ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ തന്നെ അടിയന്തര നടപടി സ്വീകരിച്ചുവെന്നും ഉന്നാവിലെ മോട്ടോര്‍ വാഹന വകുപ്പിന് വിവരം കൈമാറിയിട്ടുണ്ടെന്നും കാണ്‍പുര്‍ എ.സി.പി മഹേഷ് കുമാര്‍ വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഒറ്റവീലില്‍ ബൈക്കഭ്യാസം നടത്തിയ യുവാവിനെ നേരത്തെ കാണ്‍പുര്‍ പൊലീസ് പിടികൂടുകയും അയ്യായിരം രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു.