Image credit: instagram/samayrana, Youtube
രാജ്യാന്തര തലത്തില്‍ തന്നെ യൂട്യൂബ് കണ്ടന്റ് ക്രിയേറ്റര്‍മാരില്‍ പുതുചരിത്രമെഴുതി സമയ് റെയ്ന. ഒരു മില്യണ്‍ ആളുകള്‍ സബ്സ്ക്രൈബ് ചെയ്യുന്ന ആദ്യ പെയ്ഡ് ചാനല്‍ കണ്ടന്റ് ക്രിയേറ്റര്‍ എന്ന ബഹുമതിയാണ് കൊമേഡിയനായ സമയ് സ്വന്തമാക്കിയത്. 2025ലെ ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് വിവാദങ്ങള്‍ക്ക് ശേഷമാണ് സമയ്യിന്റെ ശക്തമായ തിരിച്ചുവരവ്. ഗൂഗിള്‍ ഇന്ത്യ ബ്ലോഗിലാണ് സമയ് സ്വന്തമാക്കിയ നേട്ടത്തെ കുറിച്ച് യൂട്യൂബ് തന്നെ സ്ഥിരീകരിച്ചത്. സ്വന്തം ഉള്ളടങ്ങള്ക്കായി വലിയൊരു കമ്യൂണിറ്റി തന്നെ സമയ് സൃഷ്ടിച്ചെന്നുവെന്നും ചെസ് സംബന്ധമായ വിഡിയോകളും ഗ്രാന്ഡ്മാസ്റ്റര്മാരുമായുള്ള തമാശകളുമാണ് പിന്നീട് ഓണ്‍ലൈനില്‍ തരംഗം സൃഷ്ടിച്ചത്. സമയ് സ്വയം സൃഷ്ടിച്ച ലോകം സത്യത്തില്‍ ലക്ഷക്കണക്കിന് പേര്‍ക്ക് വെര്‍ച്വല്‍ ഹാങ്ഔട്ടിനുള്ള സ്ഥലമായി മാറിയെന്ന് യൂട്യൂബ് പ്രശംസിക്കുന്നു.
ഇന്ത്യന്‍ ആസ്വാദകര്‍ക്കിടയിലെ ട്രെന്‍ഡ് മനസിലാക്കാനും സമയ് സഹായിച്ചുവെന്നും തങ്ങള്‍ക്കിഷ്ടമുള്ള കണ്ടന്റ് ക്രിയേറ്റര്‍മാരെ കാണാന്‍ ഇന്ത്യക്കാര്‍ പണം മുടക്കാനും തയാറാണെന്ന് തെളിഞ്ഞുവെന്നും പ്രസ്താവനയിലുണ്ട്. ഈ ജൂണ്‍ വരെയുള്ള കണക്കെടുത്താ് ഒരു ചാനല്‍ മെംബര്ഷിപ്പെങ്കിലുമുള്ള 1.2 മില്യണിലേറെ ആരാധകര്‍ ഇന്ത്യയിലുണ്ട്. ഇന്ത്യയിലെ കണ്ടന്റ് ക്രിയേറ്റര്‍മാരുടെ വരുമാനത്തിലും ഇക്കാലയളവില്‍ 25 ശതമാനത്തിലേറെ വര്‍ധനയുണ്ടായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
മൂന്ന് തരം പെയ്ഡ് മെംബര്ഷിപുകളാണ് റെയ്ന തന്റെ യൂട്യൂബ് കമ്യൂണിറ്റിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 'സമയ് കെ ദോസ്ത്' എന്ന വിഭാഗത്തിലെ കണ്ടന്റിന് പ്രതിമാസം 59 രൂപയും 'സമയ് കെ ഖാസ്' എന്ന വിഭാഗത്തിലെ കണ്ടന്റ് കാണാന്‍ 599 രൂപയും 'സൈലന്റ് സപ്പോര്‍ട്ടര്‍' വിഭാഗത്തില്‍ 1999 രൂപയുമാണ് പ്രതിമാസം ഈടാക്കുന്നത്. സ്വന്തമായി സൃഷ്ടിച്ചെടുത്ത ആരാധകരിലെ സ്വാധീനമാണ് പണം മുടക്കി പത്തുലക്ഷത്തിലേറെപ്പേര്‍ സമയ്നെ പിന്തുടരാന് കാരണമെന്നും യൂട്യൂബ് വിലയിരുത്തുന്നു.
2025 ല്‍ യൂട്യൂബറും പോഡ്കാസ്റ്ററുമായ രണ്‍വീര്‍ അല്ലാബാദിയ ഒരു എപിസോഡില്‍ നടത്തിയ 'തമാശ'യാണ് സമയ് റെയ്നയെയും ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോയെയും വിവാദത്തിലാക്കിയത്. വിവാദം കത്തിപ്പടര്‍ന്നതോടെ അല്ലാബാദിയയ്ക്കും സമയ്നും മറ്റ് അതിഥികള്‍ക്കുമെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. പാനല്‍ മുഴുവനായി പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പിന്നാലെ തന്റെ യൂട്യൂബ് ചാനലില്‍ നിന്ന് ഇന്ത്യാസ് ഗോട്ട് ലാറ്റന്റിന്റെ എല്ലാ എപിസോഡുകളും സമയ് നീക്കം ചെയ്തു. പിന്നീട് സ്റ്റാന്‍ഡപ് സ്പെഷല്‍ ആയ 'സ്റ്റില്‍ എലൈവു'മായി രംഗത്തെത്തി. 2026 ല്‍ നെറ്റ്ഫ്ലിക്സുമായി ചേര്‍ന്ന് ഇന്ത്യാസ് ഗോട്ട് ലാറ്റന്റിന്റെ രണ്ടാം സീസണും ഇറക്കി.
വലിയ മനപ്രയാസത്തിലാണ് വിവാദത്തെ തുടര്‍ന്ന് താന്‍ അകപ്പെട്ടതെന്നും ഒടുവില്‍ ചാറ്റ് ജിപിടിയോട് വരെ ഈ ഷോ വീണ്ടും കൊണ്ടുവരേണ്ടതുണ്ടോയെന്ന് ചോദിച്ചുവെന്നും സമയ് വെളിപ്പെടുത്തി. 'കാനഡയിലായിരുന്നപ്പോള്‍ ഞാനാകെ വിഷാദത്തിലായി. ചാറ്റ് ജിപിടിയോട് ഞാന്‍ സംസാരിക്കുമായിരുന്നു. ഈ സമയ് റെയ്ന ഇനി ആ ഷോയുമായി തിരികെ എത്തുമോ എന്നായിരുന്നു എന്റെ ചോദ്യം. അക്കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പ് പറയാന്‍ പറ്റില്ലെന്നായിരുന്നു ചാറ്റ് ജിപിടിയുടെ മറുപടി. അത് കാണുമ്പോള്‍ യെസ് എന്ന് പറയാമോ എന്ന് ഞാന്‍ മറുപടി എഴുതുമായിരുന്നു. ഇതിങ്ങനെ വീണ്ടും കൊണ്ടുവരാന്‍ കഴിയുമെന്ന് ഞാന്‍ വിചാരിച്ചതല്ല' എന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 12.4 മില്യണ്‍ സബ്സ്ക്രൈബേഴ്സാണ് യൂട്യൂബില്‍ സമയ് റെയ്നയ്ക്കുള്ളത്. ഇതില്‍ ഒരു മില്യണിലേറെപ്പേരാണ് പണം നല്കി സമയ് പുറത്തിറക്കുന്ന വിഡിയോകള്‍ കാണുന്നത്.