ദീപാവലിക്ക് തൊഴിലാളികള്‍ക്ക് എന്തുകിട്ടും? മധുരപലഹാരങ്ങളും ഗിഫ്റ്റ് കൂപ്പണോ വീട്ടുപകരണങ്ങളോ ബോണസോ ഒക്കെയായിരിക്കുമല്ലേ. എന്നാല്‍ ജീവനക്കാർക്ക് ദീപാവലി സമ്മാനമായി പുതു പുത്തൻ ഐഫോൺ 16 സ്മാർട്ട്ഫോണുകൾ നൽകി ഞെട്ടിച്ചിരിക്കുകയാണ് ഡൽഹിയിലെ ഒരു സ്ഥാപനം.
ജീവനക്കാര്‍ക്ക് ഐഫോണ്‍ നല്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകംതന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഡൽഹിയിലെ 'ഫിനാൻസർസബ്' എന്ന സ്ഥാപനമാണ് ജീവനക്കാർക്കായി ഈ ഐഫോണ്‍ സർപ്രൈസ് ഒരുക്കിയത്. കമ്പനിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ ദീപാവലി ആഘോഷത്തിന്റെ വിഡിയോ പുറത്തുവന്നത്.
ഡെസ്കുകളിൽ ജീവനക്കാരുടെ കമ്പ്യൂട്ടറുകൾക്ക് മുന്നിലായി റിബ്ബണുകൾ കെട്ടി ഭംഗിയായി വെച്ചിരിക്കുന്ന ഐഫോൺ 16 ഫോണുകള്‍ കാണിച്ചുകൊണ്ടാണ് വിഡിയോ തുടങ്ങുന്നത്. വെള്ള, പച്ച, നീല, കറുപ്പ് തുടങ്ങി വിവിധ നിറങ്ങളിലുള്ള ഫോണുകളാണ് കമ്പനി സമ്മാനമായി നൽകിയിരിക്കുന്നത്. ഫോൺ കയ്യിൽ കിട്ടിയതിന്റെ സന്തോഷത്തിൽ ജീവനക്കാർ ആഹ്ലാദിക്കുന്നതും വിഡിയോയിൽ കാണാം. 'മത്സരമില്ല, നിങ്ങൾക്ക് എന്ത് ലഭിച്ചു?' എന്ന ക്യാപ്ഷനോടെയാണ് കമ്പനി ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്.
വിഡിയോ പുറത്തുവന്ന് നിമിഷനേരം കൊണ്ടുതന്നെ ഇവ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോയെ രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ ഒഴുകിയെത്തുന്നത്. 'എന്നെയും നിങ്ങളുടെ കമ്പനിയിൽ ജോലിക്കെടുക്കാമോ?' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. സാധാരണ ഓഫിസുകളിൽ നിന്നും ദീപാവലിക്ക് പഞ്ഞിമിഠായി പോലും ലഭിക്കാത്തവരാണ് തങ്ങളെന്ന് മറ്റൊരാൾ തമാശയായി കുറിച്ചു. എന്നാൽ വിഡിയോ കണ്ട ചിലർ ഇത് എഐ ആണെന്ന് തെറ്റുധരിപ്പിക്കുന്നതാണെന്നും പറഞ്ഞിരുന്നു. സംശയങ്ങൾ കൂടിയതോടെ ഇത് ഒറിജിനൽ തന്നെയാണെന്ന് വ്യക്തമാക്കി കമ്പനിയും രംഗത്തെത്തിയിട്ടുണ്ട്.