rent-genz

TOPICS COVERED

ജെന്‍ സി എന്ന് വിശേഷിപ്പിക്കുന്ന പുതിയ തലമുറയോട് കളിക്കുമ്പോള്‍ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. പൊതുജീവിതത്തിലായാലും ജോലിയിലായാലും ഏകപക്ഷീയമായ നിയമങ്ങള്‍ നടപ്പാക്കാന്‍ നോക്കിയാല്‍ അങ്ങനെ അംഗീകരിച്ചു കൊടുക്കുന്നവരല്ല ഈ തലമുറ. വാടക വെറും ഒരു ദിവസം വൈകിയതിന് ജെന്‍ സി വാടകക്കാരന് പിഴ ചുമത്തിയ ഒരു വീട്ടുടമസ്ഥന് കിട്ടിയ ചുട്ട മറുപടി ഇത് തെളിയിക്കുന്നതാണ്. സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് വാടകക്കാരന്‍റെ ഈ മറുപടി.

വീട്ടുടമയുടെ കടുംപിടിത്തത്തിന് വഴക്കുണ്ടാക്കോനോ ബഹളം വയ്ക്കാനോ ഒന്നും ജെന്‍സിക്കാരന്‍ മെനക്കെട്ടില്ല. പകരം ഇതുവരെ വീട്ടുടമ ചെയ്തുനൽകാൻ തയ്യാറാകാത്ത എല്ലാ അറ്റകുറ്റപ്പണികളുടെയും വിവരങ്ങൾ അടങ്ങിയ ഒരു എക്സൽ സ്പ്രെഡ്ഷീറ്റ് തിരിച്ചയച്ചായിരുന്നു വാടകക്കാരന്‍റെ മറുപടി. ജെന്‍ സി ക്കാരന്‍റെ സുഹൃത്താണ് എക്സില്‍ ഈ സംഭവം പങ്കുവെച്ചത്. 

"എന്റെ ജെൻ സി അയൽക്കാരൻ 6-ാം തീയതി വാടക നൽകിയപ്പോൾ ഉടമസ്ഥൻ പിഴയീടാക്കി. അവൻ ഒരു തർക്കവുമില്ലാതെ ആ പണം നൽകി. തുടർന്ന്, തീയതികളും സ്ക്രീൻഷോട്ടുകളും സഹിതം വീട്ടുടമസ്ഥൻ അവഗണിച്ച എല്ലാ അറ്റകുറ്റപ്പണി അഭ്യർത്ഥനകളും രേഖപ്പെടുത്തിക്കൊണ്ട് അവൻ ഒരു എക്സൽ ഷീറ്റ് തയ്യാറാക്കി" എന്നായിരുന്നു ആ കുറിപ്പ്. ഉടമ ഭീഷണിപ്പെടുത്തിയപ്പോൾ വാടകക്കാരൻ ആ സ്പ്രെഡ്ഷീറ്റ് കെട്ടിടത്തിലെ മറ്റ് വാടകക്കാർക്കെല്ലാം അയച്ചുകൊടുത്തു. ആ ദിവസം അവസാനിച്ചപ്പോഴേക്കും മറ്റ് വാടകക്കാരും അവരുടെ കൈവശമുള്ള തെളിവുകൾ ആ ഡോക്യുമെന്റിൽ ചേർത്തു. അടുത്ത മാസം ഉടമ വാടക ഓർമ്മപ്പെടുത്തിക്കൊണ്ട് സന്ദേശം അയച്ചു. അതിന് 'നിങ്ങളുടെ പണം നൽകേണ്ടത് 5-ാം തീയതിയാണ്. ഞങ്ങളുടെ അറ്റകുറ്റപ്പണി അഭ്യർത്ഥനകൾ ഇപ്പോൾ 63 ദിവസമായി വൈകിയിരിക്കുന്നു’ എന്നായിരുന്നു വാടകക്കാരന്‍ നല്‍കിയ മറുപടി . 

വീട്ടുടമസ്ഥൻ അവനെ ഫോണിൽ വിളിച്ച് ആ സ്പ്രെഡ്ഷീറ്റ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും അവൻ അത് നിരസിച്ചുകൊണ്ട് തന്‍റെ വാടക വൈകിയതിന് പിഴ ഈടാക്കാമെങ്കിൽ, നിങ്ങളുടെ അറ്റകുറ്റപ്പണികൾ വൈകിയതിന് ഞങ്ങൾക്കും ഇൻവോയ്സ് അയക്കാം. എന്ന് മറുപടി നല്‍കിയതായും കുറിപ്പില്‍ പറയുന്നു.

വളരെ വേഗം തന്നെ ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി.  ഈ സ്പ്രെഡ് ഷീറ്റാണ് ഏറ്റവും അത്ഭുതപ്പെടുത്തിയത് എന്നായിരുന്നു ഒരു സമൂഹമാധ്യമ ഉപഭോക്താവിന്‍റെ പ്രതികരണം. വീട്ടുടമ കുഴപ്പത്തിലാക്കാന്‍ ശ്രമിച്ചാലും കരാറും തെളിവുകളും കൈയ്യിൽ വെച്ച്  നിയമപരമായി മുന്നോട്ടു നീങ്ങണം എന്ന് ഉപദേശിച്ചവരുമുണ്ട്.

Gen Z Tenant Strikes Back at Landlord With Viral Excel Sheet:

Gen Z tenant viral story highlights how a clever renter used an Excel spreadsheet of maintenance issues to outsmart a landlord who fined him for late rent. This trending social media incident showcases the witty and legally savvy approach of the younger generation against unfair treatment