താന് വിദേശ പൗരനാണെന്ന ആരോപണം തള്ളിക്കൊണ്ട് ധ്രുവ് റാഠി ഒരു വീഡിയോ ചെയ്തിരുന്നു. ഇന്ത്യന് പാസ്പോര്ട്ട് ഉയര്ത്തി കാണിച്ച് താന് ഇന്ത്യന് പൗരനാണെന്ന് പറഞ്ഞ റാഠിയോട് ഒരു യൂട്യൂബര് ഇങ്ങനെ പറയുന്നു. ' പാസ്പോര്ട്ട് ഇന്ത്യന് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് താങ്കള്ക്ക് അറിയില്ലേ ? പകരം, ദുരന്തര് സിനിമയുടെ ടിക്കറ്റ് ഉണ്ടെങ്കില് കാണിക്ക്'. കേട്ടാല് എതിരാളികളും
ചിരിച്ചു പോകും. പാറ്റകളുടെ ഒന്നാം ജന്തര്മന്തര് സമരം വിജയിച്ചപ്പോള് ചിലര് നിരാശരായിരുന്നു. സമരകാലത്ത് കണ്ട കോമഡികള് ഇനി കാണാന് പറ്റില്ലല്ലോ എന്നോര്ത്ത്. എസ്ഐആര് സമരം തുടങ്ങിയതോടെ ആ നിരാശ മാറിക്കാണും. അമ്മാതിരി തകര്പ്പാണ് സോഷ്യല് മീഡിയയില്.
പൊലീസ് ചെകിട്ടത്ത് തല്ലാതിരിക്കാന് ഒരു സമരക്കാരന് പ്രയോഗിച്ച ഐഡിയ കേള്ക്കണോ? രണ്ട് കവിളിലും മോദിയുടെ ചിത്രമുള്ള സ്റ്റിക്കര് പതിച്ചു. മോദിയുടെ ചിത്രത്തിന് നേരേ കയ്യോങ്ങാന് ഏത് പൊലീസ് ധൈര്യപ്പെടും? അയന് റായിയെന്ന യൂട്യൂബര് പൊലീസ് വാനില് ഇരുന്നൊരു വീഡിയോ ചെയ്തു. 'Free Delhi Tour Details' എന്നാണ് ക്യാപ്ഷന്. വിവരണമിങ്ങനെ, 'സൗജന്യമായി ഡല്ഹി ചുറ്റിക്കറങ്ങണോ? ജന്തര് മന്തറിന്റെ അഞ്ച് കിലോ മീറ്റര് പരിസരത്ത് വെറുതെ വന്ന് നിന്നാല് മതി. സാധാരണ നിങ്ങള് ബസിന് പിന്നാലെ ഓടുകയാണെങ്കില് ഇവിടെ ബസ് നിങ്ങളുടെ പിന്നാലെ വരും. ബസില് നിന്ന് ആളിറങ്ങി വന്ന് എടുത്ത് വണ്ടിയില് കയറ്റും. ഡല്ഹി മുഴുവന് ചുറ്റിക്കാണിക്കും. ഈ സൗജന്യ യാത്ര മിസ്സ് ചെയ്യരുത്'.
പൊലീസുകാരേ സോദരരേ
കസ്റ്റഡിയിലെടുക്കലും മര്ദിക്കലും ഒരുഭാഗത്ത് നടക്കുമ്പോഴും 'പൊലീസുകാരേ ഗുണ്ടകളേ' എന്ന ലൈനല്ല പൊതുവില് സമരക്കാര്ക്ക് . 'അങ്കിള്, ചാച്ചാ' വിളികളുമായി അവര് സൗഹൃദം കാട്ടുന്നു. ഭക്ഷണം പങ്കുവയ്ക്കുന്നു. നന്നായി പെരുമാറിയാല് നന്ദി പറയുന്നു. എന്നിട്ട് , കിട്ടുന്ന അവസരത്തില് ട്രോള് ചെയ്ത് കൊല്ലുന്നു. ഇതാണ് സമരക്കാരുടെ പൊലിസ് നയം.
*പൊലീസുകാരുടെ അടുത്ത് ഓടിക്കിതച്ചെത്തിയ പയ്യന് പറയുന്നു, 'സാര് മോഷണം നടന്നിരിക്കുന്നു. നിങ്ങള് കള്ളനെ പിടിച്ചോ? ' എന്താ മോഷണം പോയതെന്ന് പൊലീസ്. മറുപടി ഇങ്ങനെ 'വോട്ട്.. വോട്ടാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. വോട്ട് ചോരി'.
*സമരക്കാരി പെണ്കുട്ടി പൊലീസ് സംഘത്തോട് നാണത്തോടെ ഒരാവശ്യമുന്നയിച്ചു. 'എന്നെ അറസ്റ്റു ചെയ്യുന്നെങ്കില് ആ നടുക്ക് നില്ക്കുന്ന പൊലീസ് ചേട്ടന് മതി. അയാളാണ് കൂട്ടത്തില് ക്യൂട്ട്'.
*ബിക്രം റിപ്പോര്ട്ടര് എന്ന കണ്ടന്റ് ക്രിയേറ്റര് ആയുധങ്ങളുമായി നില്ക്കുന്ന സേനാംഗത്തെ അഭിമുഖം ചെയ്യുന്നു. ഭാരമുള്ള തോക്കിനെയും സാധനങ്ങളെക്കുറിച്ചുമൊക്കെ ചോദിച്ചു മനസ്സിലാക്കി. എന്താണ് സര് നിരാശനായി നില്ക്കുന്നതെന്ന് അനുതാപത്തോടെ ചോദിക്കുമ്പോള് പൊലീസുകാരന് മൗനിയാകുന്നു. അപ്പോള് സഹായത്തിനെന്ന മട്ടില് ഒരാളെത്തുന്നു. ഇതുപോലുള്ള പ്രധാനമന്ത്രിമാര്ക്ക് കീഴില് ഇദ്ദേഹത്തെപ്പോലെ വീരന്മാരായ സേനാംഗങ്ങള് നിരാശരാകാതെ എന്തുചെയ്യും എന്ന് വന്നയാള്.
* ശ്രദ്ധ സിങ് (mahibaghel_09) പൊലീസ് സംഘത്തിന് മുന്നില് നിന്ന് തന്റെ ആണ് സുഹൃത്തിന് മുന്നറിയിപ്പ് നല്കുന്നു. 'എന്നെ ചതിച്ചാല് . ഓര്ത്തോണം, ഇവരാണെന്റെ ബെസ്റ്റ് ഫ്രണ്ട്സ്. 'ഈ കുട്ടി തന്നെ പൊലീസുകാരെ കൊണ്ട് ഗുഡ് ഗേള് ആണെന്ന് പറയിക്കുന്നുണ്ട്. Everybody knows Im a good girl officer.
*ജാര്ഖണ്ഡിലെ എക്്വാ യാദവ് പൊലീസുകാരനോട് പറയുന്ന പരാതിയിതാണ്. 'സര് ഡല്ഹിയില് സമരം നടന്നപ്പോള് ലാത്തി ചാര്ജുണ്ടായി. ടിയര് ഗ്യാസുണ്ടായി. വെള്ളം ചീറ്റിച്ചു. ഇവിടെയെന്താണ് സര് ഇതൊന്നുമില്ലാത്തത്? വലിയ പ്രതീക്ഷയിലാണ് വന്നത് സാര് ' ഇതൊക്കെ കേട്ട് ചിരിയടക്കി നില്ക്കുന്ന പൊലീസുകാരെ സമ്മതിക്കണം.
ഫോണാണെന് സമരായുധം
ഫോണും പിടിച്ച് കോമഡി കണ്ടന്റുണ്ടാക്കാന് ഒരുമ്പെട്ടിറങ്ങിയവരുടെ ദേശീയ സമ്മേളനമാണ് ഡല്ഹിയില്. കണ്ടന്റാണെങ്കിലോ കാക്കത്തൊള്ളായിരം. താല്കാലിക പൊലീസ് വാഹനത്തിന് ഡ്രൈവറായി വന്നയാളെ പൊലീസ് തന്നെ ആളുമാറി പിടിച്ച് വണ്ടിയില് കേറ്റി. താന് പൊലീസ് വണ്ടിയുടെ ഡ്രൈവറാണെന്ന് പറഞ്ഞ് രക്ഷപ്പെടാന് സമയമെടുത്ത കഥ അയാള് തന്നെ വീഡിയോയില് പറയുന്നു.
ലൈവ് ആക്ഷേപഹാസ്യം കാണാന് വിജെത് ദഹിയയുടെ ഇന്സ്റ്റ ഫോളോ ചെയ്താല് മതി (vijetdahiya1) പൊലീസ് തൂക്കി ഇടിവണ്ടിയില് കയറ്റിയപ്പോള് തലപുറത്തിട്ട് വിജെത് നിലവിളിച്ചു 'സാര്, എന്റെ കൂട്ടുകാരനാണ് അതാ നില്ക്കുന്നത്. അവനെയും കൂടി പിടിച്ച് വണ്ടിയില് കയറ്റൂ. ഞങ്ങള് ഒന്നിച്ചാണ് വന്നത്' മറ്റൊരു വീഡിയോയില് കക്ഷി മൈക്കുമായി പൊലീസുകാരെ സമീപിക്കുന്നു. 'പൊലീസ് ഭയ്യ, ജാലിയന് വാലാ ബാഗില് ഇന്ത്യക്കാരായ പട്ടാളക്കാര് ഇന്ത്യക്കാരായ സമരക്കാരെ വെടിവച്ചതിനെക്കുറിച്ച് എന്താണ് അഭിപ്രായം' എന്നാണ് ചോദ്യം. പൊലീസ് വാഹനമായി മാറിയ ബസില് കസ്റ്റഡിയിലായപ്പോള് പാട്ട് വയ്ക്കാന് അഭ്യര്ഥിക്കുന്ന വിജെത്തിനെയും കാണാം. 'ദേശഭക്തി ഗാനങ്ങള് വയ്ക്കൂ. ഞങ്ങള് കേട്ട് ബോറടി മാറ്റട്ടേ' എന്നാണ് നിലവിളി.
നേഹ ബോറ എന്ന ഐക്കണ്
ഒറ്റ നോട്ടത്തില് പഠിപ്പിസ്റ്റ് ലുക്കാണ്. ഇപ്പോള് പണി ഡല്ഹി പൊലീസിനെ പാഠംപഠിപ്പിക്കലാണ്. സമര ഗ്രൗണ്ടിലെ മെസ്സിയാണ് നേഹ. ഒരുകൂട്ടം പൊലീസുകാരെ ഒറ്റയ്ക്ക് കബളിപ്പിക്കുന്ന വിരുത്. എപ്പോള് പ്രത്യക്ഷപ്പെടും. എപ്പോള് ഓടും. എപ്പോള് കുതിച്ചു ചാടുമെന്ന് ആര്ക്കുമറിയില്ല. നേഹ വൈബിന് ദിനംപ്രതി ആരാധകര് കൂടിക്കൊണ്ടേയിരിക്കുന്നു. ഒരു വീഡിയോയുണ്ട്. ആരാധനയോടെ എങ്ങോട്ടോ നോക്കി നില്ക്കുന്ന ചെറുപ്പക്കാരന്റെ ക്ലോസപ്പിലാണ് തുടക്കം. നീയെന്താ നോക്കുന്നതെന്ന് ചോദിച്ച കൂട്ടുകാരനോട് 'നോക്ക് നിന്റെ ചേട്ടത്തി അമ്മ എത്ര നന്നായി സംസാരിക്കുന്നു' എന്നവന് മറുപടി പറയുന്നു. ക്യാമറ പാന് ചെയ്യുമ്പോള് കാണുന്നത് ബസിലൊരുക്കിയ വേദിയില് നേഹ സംസാരിക്കുന്നത്. നാഷണല് ക്രഷിന്റെ സ്റ്റാറ്റസാണ് നേഹയ്ക്ക് യുവാക്കള് കൊടുത്തിരിക്കുന്നത്.
നേഹ ഒരു പ്രതീകമാണ്. മാരക ഹ്യൂമര് സെന്സും ധൈര്യവും ഊര്ജവുമായി സമരത്തിനിറങ്ങിയിരിക്കുന്ന പെണ്കുട്ടികളുടെ പ്രതീകം. ഒരു പെണ്കുട്ടി ക്യാമറയ്ക്കു മുന്നില് പറയുന്നത് കേള്ക്കൂ ' അയോധ്യയിലെ നോട്ടും ഇവിഎമ്മിലെ വോട്ടും കട്ടത് ഒരാള് തന്നെ'. ആരെന്ന് പറയുന്നതിന് പകരം കയ്യിലെ ചായക്കപ്പ് ഉയര്ത്തി വിളിക്കുന്നു ' ചായ്..ചായ്..ഗരം ചായ് '
കോമിക് അറ്റാക്കുകള്
ഒന്നാം ജന്തര് മന്തര് പോലെ തന്നെ തമാശകളിലൂടെയുള്ള ആക്രമണങ്ങളാണ് സമരക്കാരുടെ മുഖ്യതന്ത്രം. സ്റ്റാന്ഡ് അപ്പുകളിലൂടെയാണ് രാഷ്ട്രീയ വിദ്യാഭ്യാസം. ഡാനിയല് ഫെര്ണാണ്ടസിന്റെ ( absolutelydanny) തമാശകള് ഒരുദാഹരണം മാത്രം. ദിമാഗി നക്സലുകളെ ( ബുദ്ധിജീവികളായ നക്സലുകള് ) ഒറ്റപ്പെടുത്തണമെന്ന മോദിയുടെ പ്രസ്താവന പലരെയും കണ്ഫ്യൂഷനിലാക്കിയെന്ന് ഡാനി പറയുന്നു. നക്സലുകള് എന്നാലെന്ത് എന്നാലോചിച്ചാണ് ജെന് സിയുടെ കണ്ഫ്യൂഷന്. മോദി ഭക്തരുടെ സംശയം മറ്റൊന്നാണ് ' എന്താണ് ഈ ദിമാഗ് ? (ദിമാഗ് എന്നാല് ബുദ്ധി) ഡാനി പറഞ്ഞ് നിര്ത്തുമ്പോള് ആര്ത്തിരമ്പുന്ന ചിരിത്തിര.
നര്മം സമരക്കാര്ക്ക് പറയാനും കേള്ക്കാനുമുള്ള മാധ്യമം മാത്രമല്ല. അതൊരു ആറ്റിറ്റ്യൂഡാണ്. മുംബൈയില് പൊലീസിന് പിടികൊടുക്കാതെ ഓടിക്കളിക്കുന്ന സമരക്കാരനെ കണ്ട് സഹ സമരക്കാര് ആര്ത്തു വിളിച്ചു . 'കബഡി..കബഡി..കബഡി.' എക്സില് ഒരുവന് ഇങ്ങനെ കുറിച്ചു. 'അടുത്ത രണ്ടുനാള് നിര്ണായകമാണ്. അക്ഷയ്കുമാര് ഗ്യാനേഷ് കുമാറിന്റെ വേഷമാണോ നേഹ ബോറയുടെ വേഷമാണോ എടുക്കുന്നതെന്ന് ഈ ദിവസങ്ങളില് തീരുമാനിക്കും'. ഈ സമരം കാരണം വികസിത ഭാരതം യാഥാര്ഥ്യമാകാന് 2048 ആകുമോ എന്ന് സംശയിക്കുന്നു മറ്റൊരു പോസ്റ്റ്.
മുതിര്ന്നവരും ന്യൂജനാണ്
ഇന്ദിരാ ഹഠാവോ , ചൗക്കിദാര് ചോര് ഹേ എന്നിവ പോലെ സീരിയസ് മുദ്രാവാക്യങ്ങള് കേട്ട ഡല്ഹിക്ക് എസ്ഐആര് സമരം വേറിട്ട ശബ്ദാനുഭവമാണ്. ഇത്തവണ സമരത്തിന്റെ മുദ്രാവാചകം വളരെ കാഷ്വലാണ്. 'ഗ്യാനേഷ്, ഇറ്റ്സ് ഡണ് ബ്രോ' (Its Done Bro) നീറ്റ് സമരത്തില് സെറ്റായ പുതിയ സമര സംസ്കാരത്തിന്റെ അഴിഞ്ഞാട്ടമാണ് ഇത്തവണ. ന്യൂ ജന് ആയില്ലെങ്കില്, യൂ ആര് ഡണ് ബ്രോ.
ഞങ്ങളെത്ര സമരം കണ്ടതാ എന്ന് പറഞ്ഞ് രാഷ്ട്രീയ തന്തവൈബടിക്കാന് ഒരാളും വരുന്നില്ല. കുട്ടികളില് നിന്ന് പ്രചോദനം ഉള്ക്കൊണ്ട് പ്രവര്ത്തിക്കുന്നു എന്ന് പറയുന്ന വൈബ് തന്തമാരെയാണ് എങ്ങും കാണാന് കഴിയുക. നേഹ ബോറയെ കൂടെക്കൂട്ടി രാഹുല് ഗാന്ധി കൂടുതല് ചെറുപ്പമാകുന്നു. കൂട്ടര്ക്കൊപ്പം പ്രിയങ്ക മോദിയെ ട്രോളുന്ന പാട്ടുപാടുന്നു, ഖര്ഗേ ബാറ്റ്മാന്റെ മാസ്ക് വയ്ക്കുന്നു. എംഎ ബേബി സ്വന്തം പേരിനോട് നീതികാണിക്കാനെന്ന വണ്ണം പൊലീസുമായി പിടിവലി കൂടുന്നു. അതെ, മുതിര്ന്ന നേതാക്കള്ക്കല്ല, എന്തിനും മുതിര്ന്ന നേതാക്കള്ക്കാണ് ഈ സമരത്തില് മാര്ക്കറ്റ്.