ഡൽഹി പൊലീസിന്റെ മർദനമേറ്റ വനിതാ NSUI പ്രവർത്തകരുമായി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ വൻ പ്രതിഷേധം. സിപിഐ നേതാവ് ആനി രാജ, ജെബി മേത്തർ എംപി അടക്കമുള്ളവർ രാത്രി മുഴുവൻ പ്രതിഷേധിച്ചു. മലയാളി NSU പ്രവർത്തക ആതിരയുടെ പരാതിയിൽ കേരളത്തിൽ സിറോ FIR റജിസ്റ്റർ ചെയ്തതിനാൽ ഡൽഹിയിൽ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ് അറിയിച്ചതായി NSU പറഞ്ഞു. പുലർച്ചെവരെ നീണ്ട പ്രതിഷേധത്തിനൊടുവിൽ നേതാക്കളെയും പ്രവർത്തകരെയും കസ്റ്റഡിയിലെടുത്ത് നീക്കി.
അതിനാടകീയ പ്രതിഷേധത്തിനാണ് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷൻ പരിസരം രാത്രി സാക്ഷ്യം വഹിച്ചത്. പൊലീസ് മർദനത്തിനെതിരെ മലയാളി NSU പ്രവർത്തക ആതിര വിജയൻ, രാജസ്ഥാനിൽനിന്നുള്ള NSU ദേശീയ സെക്രട്ടറി ഋതു ബരാല എന്നിവർ നൽകിയ പരാതിയിൽ കേസെടുക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
പലപ്പോഴും പ്രതിഷേധം വലിയ സംഘർഷത്തിൽ കലാശിച്ചു. ഒടുവിൽ NSU ദേശീയ പ്രസിഡന്റ് വിനോദ് ത്സാക്കർ അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ സമയം മുഴുവൻ ആതിരയടക്കമുള്ളവർ പൊലീസ് സ്റ്റേഷന് മുൻപിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. പിന്നാലെ ജെബി മേത്തർ എംപിയും പിന്നാലെ സിപിഐ നേതാവ് ആനി രാജയും പൊലീസ് സ്റ്റേഷനിലേക്കെത്തി.
പൊലീസ് സ്റ്റേഷൻ പരിധിയുടെ പേരുപറഞ്ഞും പൊലീസ് കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്നും NSU ആരോപിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ബാനു ചിബിന്റെ നേതൃത്വത്തിൽ കൂടുതൽ പ്രവർത്തകർ എത്തിയതോടെ പലപ്പോഴും പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി.