veeramani-youtuber-tank

വീരമണി ടാങ്കിനു മുന്നില്‍ നില്‍കുന്ന എഐ ചിത്രം, വീരമണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

  • ദീപവലിക്ക് സൗജന്യമായി ഒരു ബോക്സ് സ്വീറ്റ്സ് ആവശ്യപ്പെട്ട് ഇൻസ്റ്റാഗ്രാമിൽ റീൽ പങ്കുവെച്ച മധുര സ്വദേശി വീരമണിയുടെ വീട്ടിലേക്ക് കാഷ് ഓൺ ഡെലിവറി ഓർഡറുകളുടെ പ്രളയമുണ്ടായി.

തമിഴ്‌നാട് മധുരയില്‍ ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ക്ക് റീലിട്ട് കിട്ടിയ  പണിയെപ്പറ്റിയാണ് ഇപ്പോള്‍ സൈബറിടത്ത് ചര്‍ച്ച . ദീപവലിക്ക് മധുരം കഴിക്കണമെന്ന ആഗ്രഹംകൊണ്ട് മധുര സ്വദേശി വീരമണി ഇന്‍സ്റ്റഗ്രാമില്‍ ഒരു വിഡിയോ പോസ്റ്റ് ചെയ്‌തു.  ആരെങ്കിലും ഒരു ബോക്സ് സ്വീറ്റ്സ് തനിക്ക് ഓര്‍ഡര്‍ ചെയ്ത് നല്‍‍കൂ എന്നും പറഞ്ഞ് അഡ്രസും ഫോണ്‍നമ്പറും അടക്കമായിരുന്നു പോസ്റ്റ്. 

ഇന്‍സ്റ്റഗ്രാമില്‍ റീലിട്ടത് മാത്രമേ വീരമണിക്കോര്‍മയുള്ളു. പിന്നെ നടന്നത് ഓഡറുകളുടെ പ്രളയമായിരുന്നു. വീരമണിയുടെ വീഡിയോ കണ്ട് മനസലിഞ്ഞ ചിലര്‍ സ്വീറ്റ്സ് ഓര്‍ഡര്‍ ചെയ്‌ത് നല്‍കി. ആദ്യമൊക്കെ ഫ്രീയായി സ്വീറ്റ്സ് ബോക്‌സുകള്‍ വീട്ടില്‍ വന്നെങ്കിലും പിന്നെ ചെറുതായൊന്ന് പാളി.  ഒരു പെട്ടി സ്വീറ്റ് ബോക്സിന് വേണ്ടി വിഡിയോയിട്ട വീരമണിക്ക് ഒരുപാട് പെട്ടി കിട്ടി. എന്നാല്‍ പെട്ടിയിലെല്ലാം സ്വീറ്റ്സ് ആയിരുന്നില്ലെന്ന് മാത്രം.  പഴം, പാല്‍ പച്ചക്കറി, തുണി, ഭക്ഷണം മുതല്‍ ടിവിയും റഫ്രിജിറേറ്ററും വരെ വീരമണിയുടെ വീട്ടില്‍ ഡെലിവര്‍ ആയി. പക്ഷെ എല്ലാം ക്യാഷ് ഓണ്‍ ഡെലിവറി. ഓരോദിവസവും പല ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ വഴി വീരമണിയുടെ വീട്ടിലേക്ക് ഓര്‍ഡറുകള്‍ വന്നുകൊണ്ടേയിരുന്നു. 

ഇതോടെ  ഇനി ആരും ഓര്‍ഡര്‍ ചെയ്യരുതെന്ന് അപേക്ഷിച്ച് വീരമണി റീലിട്ടു. എങ്കിലും അവസാനിച്ചില്ല.  മാട്രിമോണിയല്‍ പ്ലാറ്റ്ഫോമുകളിലും വീരമണിക്ക് അക്കൗണ്ടായി. ഒരാള്‍ സൗജന്യ വൃക്ക ദാനത്തിനായി വീരമണിയുടെ ഡീറ്റെയ്ല്‍സ് റജിസ്റ്റര്‍ ചെയ്‌തു. ആളുകള്‍ വൃക്ക ചോദിച്ച് വിളിതുടങ്ങിയതോടയാണ് കാര്യം ശരിക്കും കൈവിട്ട് പോയവിവരം വീരമണി  മനസിലാക്കിയത്. വൈകാതെ ഇനി ആരും ഓര്‍ഡര്‍ ചെയ്യരുതേയെന്ന് പറഞ്ഞ് വൈകാരിക വിഡിയോയുമായി വീരമണി വീണ്ടും രംഗത്തെത്തി.

നിലവില്‍ വീട് വിട്ട് പോകേണ്ട ഗതികേടാണെന്നാണ് വീരമണി പറയുന്നത്. വന്ന ഓര്‍ഡറുകളെല്ലാം കാന്‍സലാക്കിയതോടെ ഓണ്‍ലൈന്‍ ഡെലിവറി ഏജന്റുമാര്‍ കടുത്ത അമര്‍ഷമാണ് പ്രകടിപ്പിച്ചത്. പ്രാങ്കാണെങ്കിലും പലരുടെയും ജോലിയും സമയവും വെറുതെ മനക്കെടുത്തിയതിനെതിരെ പലരും സൈബറിടത്തടക്കം പ്രതികരിക്കുന്നുണ്ട്. രണ്ട് ലക്ഷത്തോളം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുള്ള വീരമണിക്ക് യൂട്യൂബ് ചാനലുമുണ്ട്. 

ENGLISH SUMMARY:

A social media influencer in Madurai named Veeramani faced severe consequences after posting an Instagram reel asking followers to send him a box of sweets for Deepavali along with his address. Following the post, his home was flooded with countless cash-on-delivery items, including groceries, electronics, and even a prank military tank worth seventy crore rupees. The situation escalated further when pranksters created matrimonial accounts and registered his details for a free kidney donation. Consequently, a distressed Veeramani has released emotional follow-up videos pleading with the public to stop sending unsolicited orders.