സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ ആരംഭിക്കുന്നതിന് നേരിടുന്ന തടസങ്ങളിൽ വീണ്ടും വിമർശനവുമായി ഇലോൺ മസ്‌ക്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ ‘പ്രധാനമന്ത്രി’ എന്ന് വിശേഷിപ്പിച്ചാണ് പുതിയ എക്സ് പോസ്റ്റ്. നിങ്ങളാണ് ഇന്ത്യയിൽ യഥാർത്ഥ ‘ബോസ്’ എന്ന് മനസിലാക്കിയില്ലെന്നും മസ്ക് പോസ്റ്റിൽ വ്യക്തമാക്കി. 

'പ്രിയപ്പെട്ട പ്രധാനമന്ത്രി അംബാനി, ഇന്ത്യയുടെ യഥാർത്ഥ ബോസ് നിങ്ങളാണെന്ന് തിരിച്ചറിയാത്തതിന് എന്റെ എളിയ ക്ഷമാപണം ദയവായി സ്വീകരിക്കുക.  ഇന്ത്യയിലെ പ്രബുദ്ധരായ ജനങ്ങളെ നിങ്ങളുടെ കുത്തകാവകാശം ഉപയോഗിച്ച് ചൂഷണം ചെയ്യുന്നത് തുടരാൻ സ്വാഭാവികമായും നിങ്ങൾ ആഗ്രഹിക്കും. എങ്കിലും സ്റ്റാർ ലിങ്കിന് മത്സരരംഗത്ത് വരാൻ നിങ്ങൾ അനുവാദം നൽകുമോ?' - മസ്‌ക് കുറിച്ചു.

മറ്റു രാജ്യങ്ങളിലെപ്പോലെ ഇന്ത്യയിലും ഇന്റർനെറ്റ് ലഭ്യമല്ലാത്ത നിരവധിയേറെ പ്രദേശങ്ങളുണ്ട്. ഇത് കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളും ചെറുകിട ബിസിനസുകൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ ആഗോള വിപണിയിൽ വിൽക്കാനുള്ള അവസരങ്ങളും നിഷേധിക്കുന്നു. സ്റ്റാർലിങ്ക് അവരുടെ ജീവിതം കൂടുതൽ മികച്ചതാക്കി മാറ്റുമെന്നും മസ്ക് പറഞ്ഞു.

തുടർച്ചയായ മൂന്നാം ദിവസമാണ് അംബാനിയെ ലക്ഷ്യമിട്ട് പ്രകോപനപരമായ പ്രസ്താവനകൾ മസ്‌ക് നടത്തുന്നത്. തന്റെ ഉടമസ്ഥതയിലുള്ള ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാൻ ലൈസൻസ് അനുവദിക്കാത്തതിലാണ് മസ്കിന്റെ വിമർശനം. ഇന്ത്യയിലെ ഇന്റർനെറ്റ് വിപണിയിൽ കുത്തക പുലർത്തുന്ന ടെലികോം ഭീമന്മാരാണ് സ്റ്റാർലിങ്കിന്റെ വരവ് വൈകിപ്പിക്കുന്നതെന്ന് മസ്‌കിന്റെ ആരോപണം.

ഡിഷ് ടിവി സേവനത്തിന് സമാനമായി കെട്ടിടങ്ങൾക്ക് മുകളിൽ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിനകൾ വഴിയാണ് സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള ലൈസൻസ് സ്റ്റാർലിങ്കിന് ലഭിച്ചെങ്കിലും അന്തിമ സുരക്ഷാ അനുമതികൾ വൈകിപ്പിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം.

ENGLISH SUMMARY:

Elon Musk Starlink India controversy highlights the ongoing debate over satellite internet licenses and telecom monopoly accusations involving Mukesh Ambani. The discussion focuses on the regulatory hurdles and market access challenges faced by foreign satellite internet providers in the country.