ഇന്ത്യൻ വ്യവസായി മുകേഷ് അംബാനിക്കെതിരായ ആക്രമണം ശക്തമാക്കി ഇലോൺ മസ്ക്. റിലയൻസിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം സോഷ്യൽ മീഡിയയിൽ ബിജെപിയെ പ്രചാരണങ്ങൾക്കായി സഹായിച്ചു. റിലയൻസുമായി ബന്ധപ്പെട്ട ഒരു കമ്പനി ഭരണകക്ഷിക്ക് വലിയ രാഷ്ട്രീയ സംഭാവനകൾ നൽകിയെന്ന് ആരോപിക്കുന്ന മാധ്യമ റിപ്പോർട്ടുകളുടെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചുകൊണ്ടാണ് ഇത്തവണ മസ്ക് എക്സ് പോസ്റ്റിട്ടത്.
'റിലയൻസിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനം ഫെയ്സ്ബുക്കിൽ ബിജെപിയുടെ പ്രചാരണങ്ങളെ എങ്ങനെ ശക്തിപ്പെടുത്തുന്നു' എന്ന തലക്കെട്ടിലുള്ള 2022 ലെ അൽ ജസീറ റിപ്പോർട്ടും, റിലയൻസുമായി ബന്ധപ്പെട്ട സ്ഥാപനം തിരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി ബിജെപിക്ക് 385 കോടി രൂപയും ശിവസേനയ്ക്ക് 25 കോടി രൂപയും സംഭാവന ചെയ്തതായി പറയുന്ന 2024 ലെ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടുമാണ് മസ്ക് അംബാനിക്കെതിരെ ഏറ്റവും പുതിയ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
തുടർച്ചയായ മൂന്നാം ദിവസമാണ് അംബാനിയെ ലക്ഷ്യമിട്ട് പ്രകോപനപരമായ പ്രസ്താവനകൾ മസ്ക് നടത്തുന്നത്. നേരത്തെ അംബാനിയെ പ്രധാനമന്ത്രിയെന്ന് അഭിസംബോധന ചെയ്തുകൊണ്ട്, നിങ്ങളാണ് ഇന്ത്യയുടെ യഥാർഥ ബോസ് എന്ന സത്യം അറിഞ്ഞില്ലെന്ന് മസ്ക് പരിഹസിച്ചിരുന്നു. ഇന്ത്യയിലെ പ്രബുദ്ധരായ ജനങ്ങളെ നിങ്ങളുടെ കുത്തകാവകാശം ഉപയോഗിച്ച് ചൂഷണം ചെയ്യുന്നത് തുടരാൻ സ്വാഭാവികമായും നിങ്ങൾ ആഗ്രഹിക്കും. എങ്കിലും സ്റ്റാർ ലിങ്കിന് മത്സരരംഗത്ത് വരാൻ നിങ്ങൾ അനുവാദം നൽകുമോ? എന്നും മസ്ക് പരിഹസിച്ചിരുന്നു.
തന്റെ ഉടമസ്ഥതയിലുള്ള ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാൻ ലൈസൻസ് അനുവദിക്കാത്തതിലാണ് മസ്കിന്റെ വിമർശനം. ഇന്ത്യയിലെ ഇന്റർനെറ്റ് വിപണിയിൽ കുത്തക പുലർത്തുന്ന ടെലികോം ഭീമന്മാരാണ് സ്റ്റാർലിങ്കിന്റെ വരവ് വൈകിപ്പിക്കുന്നതെന്ന് മസ്കിന്റെ ആരോപണം. സ്റ്റാർലിങ്ക് എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും കഴിഞ്ഞ അഞ്ച് വർഷമായി ലൈസൻസിന് ശ്രമിക്കുകയാണെന്നും എന്നിട്ടും എന്തുകൊണ്ടാണ് ലൈസൻസ് ലഭിക്കാത്തതെന്നും ആണ് മസ്കിന്റെ ചോദ്യം.