സമൂഹമാധ്യമങ്ങളിലെ ബിജെപിയുടെ സ്വീകാര്യത കുറയുന്നു? ബിജെപിയുടെയും പ്രധാനമന്ത്രി ഉൾപ്പെടെയുള്ള നേതാക്കളുടെയും പേജുകളുടെ റീച്ചിൽ വൻ ഇടിവാണ് ദൃശ്യമാകുന്നത്. അതേസമയം രണ്ടാഴ്ചയ്ക്കിടെ രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് പേജുകളുടെയും റീച്ചിൽ വൻ മുന്നേറ്റമാണ് കാണുന്നത്. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ വാർത്താസമ്മേളനത്തിന്റെ യുട്യൂബ് പേജിലെ ലൈവ് വിഡിയോകൾക്ക് 25 ലക്ഷം കാഴ്ചക്കാരാണുള്ളത്.
ഛാത്രോം കി ഗൂഞ്ച് പരിപാടിക്കാകട്ടെ, 18 ലക്ഷം കാഴ്ചക്കാരും. തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ പ്രക്ഷോഭ വിഡിയോകൾക്കും ലക്ഷക്കണക്കിനു കാഴ്ചക്കാരുണ്ട്. കോൺഗ്രസിന്റെ യുട്യൂബ് പേജിൽ ലൈവായി നൽകിയ ഇന്നലത്തെ വാർത്താസമ്മേളനത്തിന് 7 മണിക്കൂറിനുള്ളിൽ രണ്ടര ലക്ഷത്തോളം കാഴ്ചക്കാരെ ലഭിച്ചു.
ഈ ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേജിലെ ഒരു വിഡിയോ മാത്രമാണ് 10 ലക്ഷം തികച്ചത്. ഡൽഹിയിൽ ഭജൻ ക്ലബിങ് പരിപാടിയുടെ ലൈവ് വിഡിയോയാണ് മോദിയുടെ പേജിൽ കൂടുതൽ പേർ കണ്ടത്. ബിജെപി വക്താക്കൾ രണ്ടാഴ്ചയ്ക്കിടെ നടത്തിയ വാർത്താസമ്മേളന വിഡിയോകളിൽ മിക്കതിനും കാഴ്ചക്കാരുടെ എണ്ണം ലക്ഷം തികഞ്ഞിട്ടില്ല.
ഇൻസ്റ്റഗ്രാം വിഡിയോകളിലാണ് കോൺഗ്രസിന്റെ മുന്നേറ്റം കൂടുതൽ ദൃശ്യമാകുന്നത്. രണ്ടാഴ്ചയ്ക്കിടെ കോൺഗ്രസിന്റെ ഐഎൻസി ഇന്ത്യ പേജിൽ പോസ്റ്റ് ചെയ്ത വിഡിയോകളിൽ മിക്കതും 10 ലക്ഷം കടന്നു. പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് രാഹുൽ 9 മണിക്കൂർ മുൻപ് പങ്കുവെച്ച വീഡിയോയ്ക്ക് ഒരു കോടിയോളം വ്യൂസുണ്ട്. ഇന്നലത്തെ രാജ്‌ഘട്ടിൽ നിന്നുള്ള വിഡിയോകൾക്ക് മൂന്ന് കോടിയ്ക്ക് മുകളിൽ കാഴ്ചക്കാരുണ്ട്. എന്നാൽ ബിജെപി ഇന്ത്യ പേജിനു പകുതിപോലും കാഴ്ചക്കാരില്ല.
ഇനി ഇൻസ്റ്റഗ്രാമിലെ ഫോളോവർമാരുടെ കാര്യത്തിലേക്ക് വന്നാൽ, കോൺഗ്രസിന് 1.57 കോടിയും ബിജെപിക്ക് 99 ലക്ഷവുമാണ് ഫോളോവേഴ്സ്. അതേസമയം സിജെപിക്ക് 24.9 കോടി ഇൻസ്റ്റഗ്രാം ഫോളോവർമാരാണ് ഇപ്പോഴുള്ളത്. യുട്യൂബ് സബ്സ്ക്രൈബേഴ്സിന്റെ കാര്യത്തിലും മുന്നിൽ നിലവിൽ കോൺഗ്രസാണ്. ഭാരതീയ ജനതാ പാർട്ടി എന്ന പേരിലുള്ള ചാനലിന് 6.43 കോടിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക ചാനലിന് 8.05 സബ്സ്ക്രൈബേഴ്സുമാണ് ഉള്ളത്. നിലവിൽ ഫെയ്‌സ്ബുക്ക് ഫോളോവേഴ്‌സിന്റെ കാര്യത്തിൽ മാത്രമാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്.