മോഷ്ടിച്ച ഐഫോണിന്റെ പാസ്‌വേഡ് ആവശ്യപ്പെട്ട് ഫോൺ കൈവശപ്പെടുത്തിയയാൾ ഉടമയ്ക്ക് നേരിട്ട് മെസേജ് അയച്ചു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ ക്ലെമന്റ് ടൗണിലാണ് സംഭവം. ഐഫോൺ മോഷണം പോയതിന് പിന്നാലെ ഫോൺ കൈവശപ്പെടുത്തിയയാൾ എസ്‌എംഎസ്, വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെ പാസ്‌വേഡ് ആവശ്യപ്പെട്ടെന്നാണ് പരാതിക്കാരി കൗശികി ധ്യാനിപറയുന്നത്.

Kaushiki_28 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയിലാണ് കൗശികി സംഭവത്തെക്കുറിച്ച് വിശദീകരിച്ചത്. സെപ്റ്റംബർ 12ന് ക്ലെമന്റ് ടൗണിൽ നിന്ന് തന്റെ ഐഫോൺ ഉൾപ്പെടെ സുഹൃത്തിന്റെ സഹോദരനായ സാക്ഷം നേഗിയുടെയും മറ്റ് ചിലരുടെയും മൊബൈൽ ഫോണുകൾ മോഷണം പോയതായാണ് കൗശികി പറയുന്നത്.

മൊബൈൽ ഫോണുകൾക്ക് പുറമെ ലാപ്‌ടോപ്പുകൾ, മാക്‌ബുക്കുകൾ തുടങ്ങി ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സാധനങ്ങളും പ്രദേശത്തെ വീടുകളിൽ നിന്ന് മോഷണം പോയതായി കൗശികി ആരോപിച്ചു. ഒരേ കെട്ടിടത്തിൽ നിന്ന് തന്നെ 5–6 മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും മോഷണം പോയതായും അവർ പറഞ്ഞു.

ഫോൺ മോഷണം പോയതിന് പിന്നാലെയാണ് സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവുണ്ടായത്. ഐഫോണിന്റെ ലോക്ക് സ്ക്രീനിൽ ഒരു കോൺടാക്ട് നമ്പർ കാണാമായിരുന്നതിനാൽ ഫോൺ കൈവശപ്പെടുത്തിയയാൾക്ക് തന്നെ ബന്ധപ്പെടാൻ കഴിഞ്ഞെന്നാണ് കൗശികിയുടെ വിശദീകരണം.

എസ്‌എംഎസ്, വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെ ഐഫോണിന്റെ പാസ്‌വേഡ് ആവശ്യപ്പെട്ടതായും അവർ ആരോപിച്ചു. മോഷ്ടിച്ച ഫോൺ ഉപയോഗിക്കാൻ കഴിയാത്തതിനെ തുടർന്നാണ് പാസ്‌വേഡ് തേടിയതെന്നാണ് കുടുംബത്തിന്റെയും നിഗമനം.

മോഷണത്തെക്കുറിച്ച് പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ പരാതി സ്വീകരിക്കാൻ ആരും ഉണ്ടായിരുന്നില്ലെന്നും പിന്നീട് വരാൻ ആവശ്യപ്പെട്ടെന്നും കൗശികി ആരോപിച്ചു. പ്രദേശത്ത് തുടർച്ചയായി മോഷണങ്ങൾ നടക്കുമ്പോഴും പരാതികൾ ഗൗരവമായി പരിഗണിച്ചില്ലെന്നും ചില കേസുകളിൽ പരാതി സ്വീകരിക്കാൻ പോലും തയ്യാറായില്ലെന്നും അവർ ആരോപിച്ചു.

“മോഷ്ടാക്കൾക്ക് ഇപ്പോൾ പൊലീസിനെ ഭയമില്ല. തങ്ങളെ പിടിക്കാനോ നടപടിയെടുക്കാനോ ഉത്തരാഖണ്ഡ് പൊലീസിന് കഴിയില്ലെന്ന് അവർ കരുതുന്നു,” എന്നാണ് കൗശികി സമൂഹമാധ്യമത്തിൽ ആരോപിച്ചത്.

ഇതിനിടെ അമൻദീപ് നേഗി പങ്കുവെച്ച മറ്റൊരു ഇൻസ്റ്റാഗ്രാം വിഡിയോയും സമാനമായ മോഷണത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. സെപ്റ്റംബർ 16ന് പുലർച്ചെ ആറുമണിയോടെ ക്ലെമന്റ് ടൗൺ ലെയ്ൻ നമ്പർ 9Aയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സാധനങ്ങൾ മോഷണം പോയതായി കുഷാഗ്ര ജയ്സ്വാൾ പരാതി നൽകിയതായി വിഡിയോയിൽ പറയുന്നു.

അതേസമയം, പൊലീസ് വിഷയം അവഗണിച്ചെന്ന ആരോപണം അധികൃതർ തള്ളി. “പൊലീസ് വിഷയത്തിൽ ശ്രദ്ധ ചെലുത്തിയില്ലെന്നത് ശരിയല്ല,” എന്ന് എസ്.പി. (സിറ്റി) ശേഖർ സയാൽ വ്യക്തമാക്കി. കേസ് സർക്കിൾ ഓഫീസർ അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സെപ്റ്റംബർ 12നും 16നും ഇടയിൽ പ്രദേശത്ത് നടന്നതായി ആരോപിക്കപ്പെടുന്ന മറ്റ് മോഷണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പൊലീസ് പ്രതികരിച്ചില്ല.

Thief Demands Password Directly From Stolen iPhone Owner:

Malayala Manorama Online News covers the shocking incident where a thief in Dehradun brazenly messaged the owner of a stolen iPhone to demand its password. The victim shared her ordeal on Instagram, highlighting rising burglaries and alleged police apathy in the region.