സുവർണ ക്ഷേത്രം കാണാൻ അമൃത്സറിലേക്ക് വണ്ടി കയറിയ പഞ്ചാബുകാരനായ വയോധികന്‍, ദിവസങ്ങൾക്ക് ശേഷം കണ്ണുതുറന്നത് 1200 കിലോമീറ്റർ അകലെ ബിഹാറിലെ ഗയയിൽ. അഡ്രസുമില്ല, ഓർമ്മക്കുറവും. ഹിന്ദി അറിയാത്ത അപ്പൂപ്പനും സഹായിക്കാനെത്തിയ പഞ്ചാബി അറിയാത്ത ബിഹാറുകാരനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇടനിലക്കാരനായത് സാക്ഷാൽ ചാറ്റ്ജിപിടി. നല്ല മനസും സാങ്കേതിക വിദ്യയും കട്ടയ്ക്ക് നിന്നപ്പോള്‍ കാര്യങ്ങള്‍ ശുഭം.
ലുധിയാന ജില്ലയിലെ ഫത്തേഗഡ് ഗുജ്‌റാൻ ഗ്രാമവാസിയായ ചമൻ ലാൽ എന്ന വയോധികനാണ് സുവർണ ക്ഷേത്രം കാണാൻ മോഹമുദിച്ചത്. പഞ്ചാബ് സർക്കാരിന്‍റെ മുഖ്യമന്ത്രി തീർത്ഥ യാത്രാ പദ്ധതി വഴി സെപ്റ്റംബർ 11-നാണ് സുവർണ ക്ഷേത്രം സന്ദർശിക്കാൻ അമൃത്സറിൽ എത്തിയത്. ദർശനമൊക്കെ കഴിഞ്ഞ് മടങ്ങുമ്പോഴാണ് പണി പാളിയത്. യാത്രാസംഘത്തിൽ നിന്ന് ഒറ്റപ്പെട്ടു. നേരെ ചെന്നെത്തിയത് അമൃത്സർ റെയിൽവേ സ്റ്റേഷനിൽ. അവിടെ കിടന്ന ട്രെയിനിൽ കയറി സീറ്റും പിടിച്ചു. ട്രെയിൻ ചെന്ന് നിന്നതാകട്ടെ ബിഹാറിലെ ഗയയിലും.
ഗയ റെയിൽവേ സ്റ്റേഷന് സമീപം വിശന്ന് വലഞ്ഞ് അലയുകയായിരുന്ന ചമന്‍ലാലിനെ നിർമാണ തൊഴിലാളിയായ നീരജ് എന്ന യുവാവ് കണ്ടു. അവശനായ വയോധികനെ നീരജ് നേരെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. ഭക്ഷണവും വിശ്രമവും നൽകി. തിരികെ വീട്ടിലെത്തിക്കുകയായിരുന്നു അടുത്ത കടമ്പ. വിവരങ്ങൾ തിരക്കിയപ്പോള്‍ ചമന്‍ലാലിന് ആകെ അറിയുന്നത് പഞ്ചാബി മാത്രം. നീരജിന് ഹിന്ദിയും. ഒടുവില്‍ ചമന്‍ലാലിന്‍റെ വീട് ഫത്തേഗഡ് ഗുജ്‌റാനിലാണെന്ന് തിരിച്ചറിഞ്ഞു. ഇനിയാണ് ചാറ്റ് ജിപിടിയുടെ റോള്‍. നീരജ് ഗ്രാമത്തിന്‍റെ പേര് വെച്ച് തിരച്ചിൽ തുടങ്ങി. പല രീതിയിൽ സ്പെല്ലിങ് മാറ്റിയും തിരിച്ചും മറിച്ചും ചോദിച്ച് മൂന്ന് ദിവസത്തെ അന്വേഷണത്തിനൊടുവിൽ ഗൂഗിളും ചാറ്റ്ജിപിടിയും ഉത്തരം നൽകി. ലുധിയാനയിലെ മച്ചിവാര സാഹിബിനടുത്താണ് ഈ ഗ്രാമം.
മറുവശത്ത് പഞ്ചാബിൽ തിരിച്ചെത്തേണ്ട ദിവസം കഴിഞ്ഞിട്ടും അപ്പൂപ്പനെ കാണാതായതോടെ വീട്ടുകാർ ആശങ്കയിലായി. കൊച്ചുമകൻ സുഖ്ചെയിൻ സിങിന്‍റെ നേതൃത്വത്തിൽ തിരച്ചില്‍ തുടങ്ങി. പൊലീസിൽ പരാതിയും നൽകി, ഫോട്ടോ വെച്ച് ഫെയ്സ്ബുക്കിലും വാട്സാപ്പിലുമൊക്കെ കാണാതായെന്ന പോസ്റ്ററുകളും വ്യാപകമായി ഷെയർ ചെയ്ത് കാത്തിരിക്കുകയായിരുന്നു ആ കുടുംബം. ഗ്രാമം കണ്ടെത്തിയെങ്കിലും ഓർമക്കുറവുള്ള വയോധികനെ തനിച്ച് തിരിച്ച് വിടാൻ നീരജ് തയ്യാറായില്ല. ഗയയിൽ നിന്നും ലുധിയാനയിലേക്ക് അപ്പൂപ്പനെയും കൂട്ടി നീരജ് യാത്ര തിരിച്ചു. ലുധിയാനയിലെ മച്ചിവാരയിൽ എത്തിയ ശേഷം ഫോട്ടോ വെച്ച് നീരജ് നാട്ടുകാരോട് അന്വേഷണം തുടങ്ങി. ആ അന്വേഷണം ചെന്നെത്തിയത് മാസ്റ്റർ കൃഷൻ ലാൽ എന്ന അധ്യാപകനിലാണ്.
വാട്സാപ്പിൽ കുടുംബം നൽകിയ പരസ്യം കണ്ടിരുന്ന അദ്ദേഹം ചമന്‍ലാലിനെ തിരിച്ചറിഞ്ഞതോടെ വീട്ടിൽ വിവരമറിയിച്ചു. കൊച്ചുമകൻ സുഖ്ചെയിൻ സിങ് എത്തി മുത്തച്ഛനെ കൂട്ടിക്കൊണ്ട് പോയി. നീരജിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ അവര്‍ മാലയിട്ട് സ്വീകരിച്ച് പണവും വസ്ത്രങ്ങളും നൽകി രാജകീയമായാണ് ബിഹാറിലേക്ക് തിരികെ അയച്ചത്.