baba-ramdev
  • സാധാരണ ഹുക്കകളിൽ ഉപയോഗിക്കുന്ന പുകയിലയോ ഫ്ലേവറുകളോ രാസവസ്തുക്കളോ ഇല്ലാതെ പൂർണമായും ആയുർവേദ ചേരുവകൾ ഉപയോഗിച്ചാണ് ഇത് തയാറാക്കുന്നതെന്നാണ് രാംദേവിന്റെ അവകാശവാദം

പുകയിലയ്ക്കും ഈ-സിഗരറ്റുകൾക്കും പകരം 'ആയുർവേദ ഹുക്ക'! യോഗഗുരു ബാബ രാംദേവ് സമൂഹ മാധ്യങ്ങളില്‍ പരിചയപ്പെടുത്തിയ പുതിയ വീഡിയോ വൈറലായിരിക്കുകയാണ്. സാധാരണ ഹുക്കകളിൽ ഉപയോഗിക്കുന്ന പുകയിലയോ ഫ്ലേവറുകളോ രാസവസ്തുക്കളോ ഇല്ലാതെ പൂർണമായും ആയുർവേദ ചേരുവകൾ ഉപയോഗിച്ചാണ് ഇത് തയാറാക്കുന്നതെന്നാണ് രാംദേവിന്റെ അവകാശവാദം. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഹുക്ക തയാറാക്കുന്ന വിധവും അതിന്റെ ഉപയോഗങ്ങളും വിശദീകരിക്കുന്ന വീഡിയോ രാംദേവ് പുറത്തുവിട്ടത്.

പുകയില ആരോഗ്യത്തിന് ഹാനികരം എന്ന നിര്‍ദേശം ലോകത്താകമാനം പ്രചരിപ്പിക്കുന്ന കാലത്തു തന്നെയാണ് പുതിയ പുകയില സംവിധാനവുമായി ബാബ രാംദേവിന്‍റെ കടന്നുവരവ്. ആയുര്‍വേദ കൂട്ടില്‍ ഒരുക്കിയിരിക്കുന്ന ഹുക്കയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്തൊക്കെയാണെന്നും രാംദേവ് വെളിപ്പെടുത്തുന്നുണ്ട്. ഇരട്ടിമധുരം, മഞ്ഞൾ, കടുക്, പശുവിൻ നെയ്യ്, കാകട ശൃംഗി, നാടൻ കർപ്പൂരം എന്നിവയാണ് ആയുർവേദ ഹുക്കയ്ക്കായി ഉപയോഗിക്കുന്നത്. ഇരട്ടിമധുരം ചതച്ച് പശുവിൻ നെയ്യിൽ ചാലിച്ച ശേഷം അതിലേക്ക് മഞ്ഞളും കടുകും ചേർക്കുന്നു. ഹുക്ക പാത്രത്തില്‍ കർപ്പൂരം കത്തിച്ച ശേഷം അതിനു മുകളിൽ കാകട ശൃംഗി വെച്ചാണ് പുക ഉണ്ടാക്കുന്നത്.

ഈ പുക ശ്വസിക്കുന്നത് വഴി മൂക്കടപ്പ്, ചുമ എന്നിവയ്ക്ക് ഉടനടി ആശ്വാസം ലഭിക്കുമെന്നും, ആയുർവേദത്തിലെ വാത-പിത്ത-കഫ (ത്രിദോഷങ്ങൾ) സന്തുലിതാവസ്ഥയിലാക്കാൻ ഇത് സഹായിക്കുമെന്നും ബാബ രാംദേവ് അവകാശപ്പെടുന്നു. സാധാരണ ഹുക്കകളിലും ഇ-സിഗരറ്റുകളിലും അടങ്ങിയിരിക്കുന്ന മാരക രാസവസ്തുക്കളും പുകയിലയും ശ്വാസകോശത്തെ തകർക്കുമ്പോൾ, ഇത്തരം പാരമ്പര്യ രീതികൾ ഗുണം ചെയ്യുമെന്നാണ് ബാബാ രാംദേവിന്‍റെ വാദം.

എന്നാല്‍, പരമ്പരാഗത പുകവലിക്ക് ആയുർവേദ രൂപമാറ്റം വരുത്താനുള്ള ബാബാ രാംദേവിന്‍റെ ബിസിനസ് സാധ്യതയെ അനുകൂലിച്ചും പ്രതികൂലിച്ചും സൈബറിടത്ത് പലചര്‍ച്ചകളും നടക്കുന്നുണ്ട്. പുകയില ഉപയോഗിക്കുന്നില്ലെങ്കിലും, ഏത് വസ്തു കത്തിച്ചുള്ള പുകയും ശ്വാസകോശത്തിലേക്ക് നേരിട്ട് വലിച്ചെടുക്കുന്നത് ദോഷകരമാണെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ആസ്തമ, സൈനസൈറ്റിസ്, ശ്വാസകോശ രോഗങ്ങൾ ഉള്ളവർ വൈദ്യനിർദേശമില്ലാതെ ഇത്തരം പരീക്ഷണങ്ങൾക്ക് മുതിരരുതെന്ന് ഡോക്ടർമാർ മുന്നറിയിപ്പും നൽകുന്നു. പാരമ്പര്യ വൈദ്യരീതികൾ എന്ന വ്യാജേന വരുന്ന ഇത്തരം പുക ശ്വസിക്കൽ രീതികൾക്ക് ശാസ്ത്രീയമായ തെളിവുകളില്ലെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.

ഔഷധസസ്യങ്ങളും പരമ്പരാഗത ചേരുവകളും ചേർത്ത് തയ്യാറാക്കിയ ഹുക്ക പുകവലിക്കുന്ന ഒരു സ്ത്രീയോടൊപ്പമാണ് രാംദേവും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. എന്തായാലും ബാബാ രാംദേവിന്‍റെ ഹുക്ക സൈബറിടത്ത് ഇപ്പോള്‍ വൈറലാണ്. പുകയിലയ്ക്കെതിരെ ലോകത്താകമാനം വലിയ ക്യാംപെയന്‍ നടക്കുന്ന കാലത്ത്, ആയുര്‍വേദത്തിന്‍റെ ചുവടുപിടിച്ചുള്ള ബാബാ രാംദേവിന്‍റെ പുതിയ ബിസിനസ് വലിയ വിമര്‍ശനമാണ് സൃഷ്ടിക്കുന്നത്. 

ENGLISH SUMMARY:

Baba Ramdev's Ayurveda Hookah is generating significant online buzz, presented as an alternative to tobacco and e-cigarettes. This innovative herbal hookah utilizes Ayurvedic ingredients like licorice and turmeric, promising relief from coughs and respiratory issues, though health experts advise caution.