elephant-tyre

TOPICS COVERED

അസമിലെ ഗോലാഘട്ട് ജില്ലയിൽ കഴുത്തിൽ വലിയ ട്രാക്ടർ ടയർ കുടുങ്ങി ദുരിതത്തിലായ കാട്ടാനയെ വനംവകുപ്പ് ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപ്പെടുത്തി. മൊറോംഗി മേഖലയിലാണ് ടയറുമായി അലഞ്ഞുതിരിയുന്ന ആനയെ നാട്ടുകാർ കണ്ടത്. വിവരമറിഞ്ഞയുടൻ വനംവകുപ്പിന്റെ ഫ്രണ്ട്‌ലൈൻ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയുടെ കഴുത്തിലെ ടയർ മാറ്റാനായത്. മയക്കുവെടി വെച്ച ശേഷം ഏറെ ശ്രദ്ധയോടെയാണ് സംഘം ടയർ മുറിച്ചുമാറ്റിയത്. ആനയ്ക്കോ ദൗത്യസംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കോ പരിക്കേൽക്കാതെയാണ് ഓപ്പറേഷൻ പൂർത്തിയാക്കിയത്.

വനംവകുപ്പിന്റെ സമയോചിതമായ ഇടപെടലിനെ അസം പരിസ്ഥിതി-വനമന്ത്രി ജയന്ത മല്ല ബറുവ അഭിനന്ദിച്ചു. വന്യജീവികളെ സംരക്ഷിക്കാനും ആനയെയും ജീവനക്കാരെയും ഒരുപോലെ സുരക്ഷിതരാക്കാനും സംഘം കാണിച്ച ജാഗ്രത പ്രശംസനീയമാണെന്ന് അദ്ദേഹം  എക്സിൽ കുറിച്ചു.

അതേസമയം, വനാതിർത്തികളിൽ തള്ളുന്ന മാലിന്യങ്ങളും ഉപേക്ഷിക്കപ്പെട്ട വസ്തുക്കളും മൃഗങ്ങൾക്ക് എത്രത്തോളം ഭീഷണിയാകുന്നു എന്നതിന്റെ തെളിവാണ് ഈ സംഭവമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. വനത്തിനുള്ളിൽ ആരോ ഉപേക്ഷിച്ച ട്രാക്ടർ ടയർ കളിക്കുന്നതിനിടെ ആനയുടെ കഴുത്തിൽ കുടുങ്ങിയതാകാം എന്നാണ് നിഗമനം.

ENGLISH SUMMARY:

A wild elephant fell into severe distress after a tractor tyre got tightly stuck around its neck in a forest region. Spotting the distressed animal, local residents immediately alerted the forest department officials regarding the perilous situation. Swift action by forest personnel successfully tranquilized the animal and carefully removed the heavy tyre from its neck. Wildlife experts noted that such discarded vehicle parts pose a severe threat to wild animals roaming near human habitations.