kiran-rijiju

TOPICS COVERED

ഒഴുക്കുള്ള പുഴയില്‍ നീന്തുന്ന വിഡിയോ പങ്കിട്ട് മന്ത്രി കിരണ്‍ റിജിജു. അരുണാചൽ പ്രദേശിലെ കുത്തിയൊഴുകുന്ന നദിയില്‍ നീന്തുന്ന വിഡിയോ ആണ് അദ്ദേഹം പങ്കുവച്ചത്. നീന്തൽ അറിയില്ലെങ്കിൽ ഒരിക്കലും ആഴമുള്ള വെള്ളത്തിലേക്ക് പോകരുതെന്ന് വിഡിയോക്കൊപ്പം മന്ത്രി കുറിച്ചു.  നിരവധി പേർ നദിയിൽ മുങ്ങിമരിച്ചിട്ടുണ്ട്. അരുണാചൽ പ്രദേശിലെ നദികൾ വളരെ വലുതും ആഴമേറിയതുമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 

'അരുണാചൽ പ്രദേശിലെ കുത്തിയൊഴുകുന്ന നദികളിൽ നീന്തുന്നത് കുളത്തിലോ യമുന പോലുള്ള നദികളിലോ നീന്തുന്നതുപോലെയാണെന്ന് ചിലർ കരുതിയേക്കാം. എന്നാൽ ശക്തമായ ഒഴുക്കുള്ള നദികളിൽ നീന്തുമ്പോൾ നമ്മുടെ തല വെള്ളത്തിന് മുകളിലായിരിക്കണം. ശരീരം നേരെ നീട്ടി വയ്ക്കുന്നതിന് പകരം കൂടുതൽ നിവർന്ന നിലയിലായിരിക്കണം. നീന്തൽ മത്സരങ്ങളിൽ ചെയ്യുന്നതുപോലെ ശരീരം നിവർത്തി നീന്തുന്നത് ഇവിടെ സുരക്ഷിതമല്ല. ഞാൻ ഇക്കാര്യത്തിൽ പുലിയാണ്,' കിരണ്‍ റിജിജു കുറിച്ചു. പുഴയോരത്തെ പ്രകൃതി ഭംഗി ആസ്വദിക്കുന്നതിന്‍റേയും മീന്‍ പിടിക്കുന്നതിന്‍റേയും ദൃശ്യങ്ങളും കിരണ്‍ റിജിജു പങ്കുവച്ചിട്ടുണ്ട്. 

മന്ത്രിയുടെ വിഡിയോ അതിവേഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. തിരക്കുകള്‍ക്കിടയിലും ഫിറ്റ്നസ് സൂക്ഷിക്കുന്ന മന്ത്രിയെ കമന്‍റില്‍ പലരും പ്രശംസിച്ചു. 'ഇതാണ് രാജ്യത്തിന് ഫിറ്റായ മന്ത്രി', 'അരുണാചല്‍ പ്രദേശിന്‍റെ യൂത്ത് ഐക്കണ്‍', 'യുവാക്കള്‍ക്ക് പ്രചോദനം' എന്നിങ്ങനെ പോകുന്ന രസകരമായ കമന്‍റുകള്‍. 

ENGLISH SUMMARY:

Union Minister Kiren Rijiju shared a video of himself swimming in the fast-flowing rivers of Arunachal Pradesh. In the video, he cautioned that swimming in strong river currents differs significantly from swimming in a pool or calm river, advising people to keep their heads above water and maintain a more upright posture rather than a flat swimming stance. He emphasized that one should never venture into deep waters without knowing how to swim, noting that many have drowned in these large and deep rivers. Viewers and social media users flooded the post with praise, lauding him as a youth icon and a fitness inspiration.