AI Generated Image
മോഷണം നടത്താൻ കയറിയ കടയ്ക്കുള്ളിൽ നാട്ടുകാർ പൂട്ടിയിട്ടതോടെ രക്ഷപ്പെടാൻ വഴിയില്ലാതെ ഒടുവിൽ സ്വന്തം ഫോണിൽ പോലീസിനെ വിളിച്ച് പിടിയിലായി രണ്ട് മോഷ്ടാക്കൾ. ഗുജറാത്തിലെ വൽസാദ് ജില്ലയിലെ സഞ്ജാൻ ഗ്രാമത്തിലാണ് സംഭവം.
ഗ്രാമത്തിലെ ബി.ജെ ജ്വല്ലേഴ്സ് എന്ന കടയില്‍ മോഷണം നടത്താനാണ് ദിനേശ് സോങ്കാർ, വിപിൻ പഥക് എന്നീ രണ്ടുപേർ എത്തിയത്. കടയുടെ പൂട്ട് പൊളിച്ച് അകത്ത് എത്തിയ ഇവര്‍ മോഷണ ശ്രമം നടത്തുന്നതിനിടെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. കള്ളന്‍മാര്‍ അകത്തുണ്ടെന്ന് മനസിലാക്കിയ നാട്ടുകാര്‍ ഉടനടി കടയുടെ ഷട്ടര്‍ താഴ്ത്തി പുറത്തുനിന്ന് പൂട്ടിയിടുകയും ചെയ്തു. വിവരമറിഞ്ഞ് ജ്വല്ലറിക്ക് പുറത്ത് ആളുകള്‍ തടിച്ചുകൂടി.
ഷട്ടര്‍ പൂട്ടിയതോടെ പുറത്തുകടക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയ മോഷ്ടാക്കള്‍ പരിഭ്രാന്തരായി. നാട്ടുകാർ ആക്രമിക്കുമെന്ന ഭയവും, പിടിയിലായാൽ മർദനമേൽക്കുമെന്ന ആശങ്കയും മോഷ്ടാക്കളെ ഭയപ്പെടുത്തി. ഒടുവിൽ ഇവർ പൊലീസിന്റെ സഹായം തേടാൻ തീരുമാനിച്ചു. തുടർന്ന് ഇവർ തന്നെ പോലീസിന്റെ അടിയന്തര ഹെൽപ്പ് ലൈനിലേക്ക് വിളിച്ച് സഹായത്തിന് അഭ്യഥിച്ചു. 'സാർ, ഞങ്ങൾ മോഷണം നടത്താൻ വന്നതാണ്, പക്ഷെ നാട്ടുകാർ ഷട്ടർ പൂട്ടിയിട്ടിരിക്കുകയാണ്. അവർ ഞങ്ങളെ തല്ലിക്കൊല്ലും, ദയവായി എത്രയും വേഗം വന്ന് ഞങ്ങളെ രക്ഷിക്കൂ'. എന്നിങ്ങനെയായിരുന്നു മോഷ്ടാക്കള്‍ പൊലീസിനോട് പറഞ്ഞത്.
വിവരമറിഞ്ഞയുടൻ പൊലീസ് സംഘം സ്ഥലത്തെത്തുകയും കടയ്ക്കുള്ളിൽ ഒളിച്ചിരുന്ന പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പൊലീസ് എത്തിയതോടെയാണ് ആൾക്കൂട്ടാക്രമണത്തിൽ നിന്ന് മോഷ്ടാക്കൾക്ക് രക്ഷപ്പെടാനായത്. ഇവർ കടയിൽനിന്ന് എടുക്കാന്‍ ശ്രമിച്ച ആഭരണങ്ങളും മോഷണത്തിനായി കൊണ്ടുവന്ന ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ പിടിയിലായ മോഷ്ടാക്കളുടെ വാർത്ത ഇതിനോടകം സമൂഹമാധ്യമങ്ങളിലും വലിയ തോതിൽ ചർച്ചയായിട്ടുണ്ട്.