തെരുവുനായ ശല്യത്തിനെതിരെ യുവാവിന്റെ അസാധാരണ പ്രതിഷേധം. മധ്യപ്രദേശിലെ ഖണ്ട്വയിലെ കളക്ടറേറ്റിൽ പൊതുജനങ്ങളുടെ പരാതികൾ കേൾക്കാനായി നടത്തിയ യോഗത്തിലാണ് നായയുടെ വേഷം ധരിച്ച് യുവാവ് എത്തിയത്. ഖണ്ട്വ മുനിസിപ്പൽ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ദീപക് റാത്തോഡും യുവാവിനൊപ്പം ഉണ്ടായിരുന്നു. ഇരുവരും കളക്ടറോട് പരാതി പറയുന്ന ദൃശ്യങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
നഗരത്തിലെ തെരുവുനായ പ്രശ്‌നത്തിനെതിരെ പലവട്ടം പരാതിപ്പെട്ടിട്ടും അധികൃതര്‍ ഗൗനിക്കാതിരുന്നതോടെയാണ് യുവാവ് വേറിട്ട മാര്‍ഗം സ്വീകരിച്ചത്. നായയുടെ രൂപം ഉദ്യോഗസ്ഥരെയും നാട്ടുകാരെയും അദ്ഭുതപ്പെടുത്തി. നായയുടെ മുഖം മൂടി ധരിച്ചതല്ലാതെ യുവാവ് ഒരു അക്ഷരവും മിണ്ടിയില്ല. എന്നാൽ ഈ പ്രതിഷേധം കണ്ടുനിന്നവരെയെല്ലാം ആകർഷിച്ചു.
തെരുവ് നായ്ക്കളുടെ എണ്ണം വർദ്ധിച്ചുവരുന്നതിനെക്കുറിച്ചും നഗരസഭയുടെ നായ വന്ധ്യംകരണ പരിപാടിയിലെ ക്രമക്കേടുകളെക്കുറിച്ചും പ്രതിപക്ഷ നേതാവ് ദീപക് റാത്തോഡ് ഈ അവസരത്തിൽ ആശങ്ക ഉന്നയിച്ചു. നായ വന്ധ്യംകരണത്തിന്റെ പേരിൽ അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പ്രദേശവാസികള്‍ക്കിടയില്‍ പ്രത്യേകിച്ച് കുട്ടികളും കാൽനടയാത്രക്കാരും തെരുവ് നായ്ക്കളാൽ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സമൂഹ മാധ്യമങ്ങളിൽ യുവാവിന്റെ ഈ പ്രതിഷേധത്തെ പ്രശംസിച്ചാണ് കമന്റുകൾ വരുന്നത്. ഒരു പ്രശ്നത്തിലേക്ക് ശ്രദ്ധ ആകർഷിക്കാനുള്ള ഏറ്റവും നല്ല മാർഗം ഇതാണെന്ന് പലരും അഭിപ്രായപ്പെടുന്നു. ഒരു വാക്ക് പോലും മിണ്ടാതെ വിഷയത്തിന്റെ പ്രാധാന്യം മറ്റുള്ളവരിലേക്ക് എത്തിക്കാൻ കഴിഞ്ഞെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.