രാജ്യം എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ പതിവുപോലെ വീടുകളിലും ഓഫീസുകളിലും വിദ്യാലയങ്ങളിലും പൊതുസ്ഥലങ്ങളിലുമെല്ലാം ത്രിവർണപതാക ഉയരും. ത്രിവർണങ്ങൾക്കിടയിൽ അശോകചക്രവുമായി പാറുന്ന ആ പതാക ഓരോ ഇന്ത്യക്കാരന്റെയും മനസിൽ സ്വാതന്ത്ര്യത്തിന്റെ ഓർമ്മകളും അഭിമാനവും ഉണർത്തുന്നു. നമ്മുടെ ദേശീയ പതാക നിർമിക്കുന്നത് എവിടെയാണെന്ന് അറിയാമോ ?
ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ ലൈസൻസ് ചെയ്ത കർണാടക ഖാദി ഗ്രാമോദ്യോഗ സംയുക്ത സംഘത്തിന്റെ ആസ്ഥാനമായ ബെംഗേരിയിലാണ് ദേശീയ പതാകകൾ നിർമ്മിക്കുന്നത്. ദേശീയപതാക നിർമ്മാണത്തിന് ഉപയോഗിക്കുന്ന തുണി, നിറങ്ങളുടെ കൃത്യത, അളവുകൾ, തുന്നൽ തുടങ്ങിയ കാര്യങ്ങളിൽ കർശനമായ മാനദണ്ഡങ്ങളുണ്ട്. പരമ്പരാഗതമായി ഖാദി തുണിയിലാണ് ഇന്ത്യൻ ദേശീയപതാക നിർമ്മിച്ചിരുന്നത്. പതാകയുടെ രൂപകൽപ്പനയും നിർമ്മാണ നിലവാരവും സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം ഓരോ പതാകയും തയ്യാറാക്കേണ്ടത്.
എന്തുകൊണ്ട് ഖാദി ?
ഇന്ത്യയുടെ സ്വാതന്ത്ര്യസമരവുമായി ഖാദിക്ക് ആഴത്തിലുള്ള ബന്ധമാണുള്ളത്. സ്വദേശി പ്രസ്ഥാനത്തിന്റെയും സ്വയംപര്യാപ്തതയുടെയും പ്രതീകമായി ഖാദിയെ മഹാത്മാഗാന്ധി ഉയർത്തിപ്പിടിച്ചിരുന്നു. അതിനാൽ ഖാദിയിൽ നിർമിക്കുന്ന ദേശീയപതാകയ്ക്ക് ചരിത്രപരമായ പ്രാധാന്യവുമുണ്ട്. ദേശീയപതാക സാധാരണ വസ്ത്രം പോലെ നിർമ്മിച്ച് ഉപയോഗിക്കാവുന്ന ഒന്നല്ല. അതിന്റെ തുണി, നിറം, വലുപ്പം, രൂപകൽപ്പന, തുന്നൽ തുടങ്ങിയവയ്ക്ക് നിശ്ചിത മാനദണ്ഡങ്ങളുണ്ട്. പതാകയുടെ നിർമാണത്തിലും ഉപയോഗത്തിലും ഈ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.
കർണാടക ഖാദി ഗ്രാമോദ്യോഗ സംയുക്ത സംഘം (KKGSS)
1957 ൽ സ്വാതന്ത്ര്യസമര സേനാനി വെങ്കിടേഷ് മഗഡിയാണ് ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമ്മാണ യൂണിറ്റായ കർണാടക ഖാദി ഗ്രാമോദ്യോഗ സംയുക്ത സംഘം സ്ഥാപിച്ചത്. സ്വാശ്രയത്വം, ഖാദിയുടെ പുനരുജ്ജീവനം, ഗ്രാമീണ കരകൗശല വിദഗ്ധർക്ക് അർഹിക്കുന്ന അംഗീകാരം നൽകൽ എന്നിവ ലക്ഷ്യമിട്ടായിരുന്നു സ്ഥാപനത്തിന്റെ പ്രവർത്തനം . 2006ലാണ് സ്ഥാപനത്തിന് ഇന്ത്യൻ പതാക നിർമ്മിക്കാനുള്ള ഔദ്യോഗിക ലൈസൻസ് ലഭിച്ചത്. ഇന്ന് 58 ശാഖകൾ ഈ സ്ഥാപനത്തിന് കീഴിൽ പ്രവർത്തിക്കുന്നു.
കർണാടകയിലെ തുളസിഗെരിയിൽ നെയ്‌തെടുക്കുന്ന ഖാദിയാണ് ബംഗേരിയിലെ കെകെജിഎസ്എസിലേക്ക് ചായം പൂശൽ, അച്ചടിക്കൽ, തുന്നൽ, കർശനമായ ഗുണനിലവാര പരിശോധനകൾ എന്നിവയ്ക്കായി എത്തിക്കുന്നത് . ഓരോ പതാകയും ബിഐഎസ്, ഫ്ലാഗ് കോഡ് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് നമ്മളിലേക്ക് എത്തുന്നത്.
രാജ്യം വീണ്ടുമൊരു സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ആകാശത്ത് പാറുന്ന ഓരോ പതാകയ്ക്കും പിന്നിൽ ചരിത്രവും കരകൗശലവും ദേശീയാഭിമാനവും ഒത്തുചേരുന്നുണ്ട്.